കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ടിരുന്ന തീയറ്ററുകൾ വീണ്ടും തുറന്നപ്പോൾ പ്രേക്ഷകർ വീണ്ടും തീയറ്ററുകളിലേക്ക് എത്തുന്ന കാഴ്ച്ചയാണ് കാണുവാൻ സാധിക്കുന്നത്. വമ്പൻ റിലീസായി എത്തിയ ദുൽഖർ സൽമാന്റെ കുറുപ്പ് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ തീയറ്ററുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സ്റ്റാറാണ് തീയറ്ററുകൾ തുറന്നതിന് ശേഷം ആദ്യമായി തീയറ്ററുകളിൽ എത്തിയ മലയാള ചലച്ചിത്രം. ഇപ്പോഴിതാ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തുന്ന തീയറ്റർ വ്യവസായത്തിന് ബലമേകി നാളെ എത്തുന്നത് നാല് ചിത്രങ്ങളാണ്. ഇന്ദ്രജിത്ത് സുകുമാരൻ ചിത്രം ആഹാ, ബേസിൽ ജോസഫ് നായകനാകുന്ന ജാൻ എ മൻ, ലാൽബാഗ്, ആസിഫ് അലി ചിത്രം എല്ലാം ശരിയാകും എന്നിവയാണ് നാളെ തീയറ്ററുകളിൽ എത്തുന്നത്.
പ്രശസ്ത മലയാള താരം ഇന്ദ്രജിത് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആഹാ. ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. കേരളത്തിൽ വലിയ പ്രചാരമുള്ള വടംവലി എന്ന കായികയിനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം കഥ പറയുന്നത്. വടംവലിയുടെ ആവേശവും ആകാംഷയും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം നിറഞ്ഞ ഒരു ചിത്രമായിരിക്കും ആഹാ. ഇന്ദ്രജിത്തിനെ കൂടാതെ യുവ താരം അമിത് ചക്കാലക്കൽ, മനോജ് കെ ജയൻ, സിദ്ധാർഥ് ശിവ, അശ്വിൻ കുമാർ, ശാന്തി ബാലചന്ദ്രൻ, എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു സ്പോർട്സ് ഡ്രാമ എന്ന നിലയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.
സംവിധായകൻ ബേസിൽ ജോസഫിനെ നായകനാക്കി ചിദംബരം സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ജാൻ എ മൻ. നടൻ ഗണപതിയുടെ സഹോദരനാണ് ജാൻ എ മൻ ചിത്രത്തിന്റെ സംവിധായകൻ ചിദംബരം. വികൃതി എന്ന സിനിമയ്ക്ക് ശേഷം ചിയേഴ്സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഷോണ്‍ ആന്റണി, ഗണേഷ് മേനോൻ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ജാന്‍ എ മന്. ചിത്രത്തിന്റെ തിരക്കഥ ചിദംബരവും ഗണപതിയും സപ്നേഷും ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവരെ കൂടാതെ ധാരാളം പുതുമുഖങ്ങളും സിനിമയിലുണ്ട്.
‘പൈസാ പൈസാ’ എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി പത്മനാഭൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ലാല്‍ ബാഗ്’. മംമ്ത മോഹൻദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ ‘ലാൽബാഗ്’ പൂർണമായും ബാംഗ്ളൂരിലാണ് ചിത്രീകരിച്ചത്. സിജോയ് വർഗീസ്, രാഹുൽ മാധവ്, അജിത് കോശി, നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി.കെ. പ്രകാശ്, സുദീപ് കാരക്കാട്ട്, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഒരു ബർത്ത്ഡേ പാർട്ടിയ്ക്ക് ശേഷമുണ്ടാകുന്ന ഒരു കൊലപാതകവും അതിന് മുൻപും ശേഷവുമുണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാർട്ടിയിൽ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നതാണ് ‘ലാല്‍ബാഗ്’ എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.