സിനിമകളിൽ നിന്നും പുകവലി മദ്യപാന രംഗങ്ങൾ ഒഴിവാക്കണമെന്ന നിയമസഭ സമിതിയുടെ ശുപാർശ പുറത്തുവന്നിരുന്നു. ഇപ്പോൾ ഈ ശുപാർശയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും അഭിനേതാവുമായ മുരളി ഗോപി. ഇത്തരം നീക്കങ്ങൾ ഉണ്ടാകുന്നത് പമ്പരവിഡ്ഢിത്തങ്ങളിൽ നിന്നാണെന്നും ഇപ്പോള്‍ ഇതിനെ നേരിട്ടില്ലെങ്കില്‍ വളരെ വലിയ അവകാശ ധ്വംസനങ്ങളിലേക്ക് അത് നയിക്കപ്പെടുമെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുരളി ഗോപി പറഞ്ഞു.
ഈ തീരുമാനത്തിൽ പ്രകടമാകുന്നത് ജനാധിപത്യമൂല്യങ്ങളെ കുറിച്ചുള്ള ശുദ്ധ അറിവില്ലായ്മ ആണെന്നും ഇത്തരം വിഡ്ഢിത്തരങ്ങൾക്കെതിരെ പോരാടി ഇല്ലെങ്കിൽ ഇതിനും ‘ വലിയ വില കൊടുക്കേണ്ടി വരും ‘എന്നും മുരളി ഗോപി പറഞ്ഞു. മദ്യപാന പുകവലി രംഗങ്ങൾ സിനിമയിൽ കണ്ടാൽ അത് കുട്ടികളും മറ്റുള്ളവരും അനുകരിക്കുമെന്നുള്ളതിനാൽ അത്തരം സീനുകൾ എല്ലാം മാറ്റിയതിനു ശേഷം മാത്രമേ സെൻസർബോർഡ് അനുമതി നൽകാവൂ എന്നാണ് പി. അയിഷാ പോറ്റി എം.എല്‍.എ അദ്ധ്യക്ഷയായ നിയമസഭാ സമിതിയുടെ ശുപാര്‍ശ.