മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം നിർവഹിക്കുന്ന ലൂസിഫർ ചിത്രീകരണം പുരോഗമിക്കുകയാണ്. ആൻ്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും പല സ്റ്റിൽസും വീഡിയോകളും ലീക്കായിരുന്നു. ആ സ്റ്റിൽസും വീഡിയോകളും വെച്ച് പലരും പല കഥകളും അവരുടെ ഭാവനയിൽ തയ്യാറാക്കുകയും ചെയ്തു. അതിനെതിരെ ശക്തമായ ഭാഷയിൽ തന്നെ സംസാരിച്ചിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി.
“പ്രിയപ്പെട്ടവരേ,
“ലൂസിഫർ” എന്ന ഞാൻ എഴുതി, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചലച്ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയ നാൾ മുതൽ, ഇതിന്റെ സെറ്റിൽ നിന്നും പുറത്ത് വരുന്ന അനൗദ്യോഗിക സ്റ്റില്ലുകളും വീഡിയോ ക്ലിപ്പുകളും നിരവധിയാണ്.
സിനിമയോടുള്ള സ്നേഹവും പ്രതീക്ഷയും ആണ് ഇത്തരം ലീക്കുകൾക്ക് പിന്നിൽ എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ: ഇത്തരം ലീക്കുകൾ
ആസ്പദമാക്കി സിനിമയുടെ ഉള്ളടക്കം തോന്നുംപോലെ ഊഹിച്ചെടുത്ത്, അത് പ്രസിദ്ധപ്പെടുത്തി നിർവൃതിയടയുന്ന ഒരുപാട് ഓൺലൈൻ കച്ചവടക്കാരുടെ കാലാമാണിത്.
ഇത്തരം നിരൂപിക്കലുകൾ ഒരു സിനിമയോടുള്ള സ്നേഹത്താൽ ഉണ്ടാവുന്നവയല്ല മറിച്ച്, ഒരുതരം വിപണന വൈകല്യത്തിൽ നിന്ന് പിറക്കുന്നതാണ്. ഇങ്ങനെ ചെയ്യുന്നവർക്ക് തീറ്റയാകാനേ ഇത്തരം ലൊക്കേഷൻ ലീക്കുകൾ ഉപകരിക്കൂ.
യഥാർഥ സിനിമ സ്നേഹികൾ അറിയാൻ വേണ്ടി ഒരു കാര്യം വിനയപുരസ്സരം പറഞ്ഞുകൊള്ളട്ടെ:
ഒരു സിനിമ ഇറങ്ങുന്നതിനു മുൻപ് അതിനെ കുറിച്ച് ഊഹാപോഹങ്ങൾ പടച്ച്, അത് പറഞ്ഞു പരത്താൻ നോക്കുന്നത്, ഒരു കല എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ്. അത് ചെയ്യുന്നവരെ ദയവുചെയ്ത് പ്രോത്സാഹാഹിപ്പിക്കാതിരിക്കുക. ??”