മലയാളം മിഷൻ പുതിയ ഡയറക്ടറായി കഴിഞ്ഞദിവസമാണ് കവി മുരുകൻ കാട്ടാക്കട ചുമതലയേറ്റത്. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റർ വൈറലായിരിക്കുകയാണ്. പോസ്റ്ററിൽ ഉപയോഗിച്ച ആർ മുരുകൻ നായർ എന്ന പേരാണ് വിവാദമായത്. എന്നാൽ, അത് തന്റെ രേഖകളിലെ പേരാണെന്നും പോസ്റ്റർ തിരുത്തുമെന്നും മുരുകൻ കാട്ടാക്കട ഓൺലൈൻ വാർത്താമാധ്യമമായ ദ ക്യൂവിനോട് പറഞ്ഞു.
തന്റെ രേഖകളിലെ പേര് മുരുകൻ നായർ എന്നാണെന്നും ആ പേര് തന്നെയാണ് അറ്റൻഡൻസ് രജിസ്റ്ററിലും രേഖപ്പെടുത്തിയിരിക്കുന്നത് എന്നും മുരുകൻ കാട്ടാക്കട പറഞ്ഞു. തന്റെ വീട്ടുകാർ നൽകിയ പേരാണ് അത്. ആ പേര് മാറ്റി മുരുകൻ കാട്ടാക്കട എന്ന പേരാക്കി മാറ്റിയത് താനാണ്. ഇപ്പോഴും ഔദ്യോഗിക രേഖകളിലെല്ലാം പേര് ആർ മുരുകൻ നായർ എന്നാണ്.
ഓഫീസിൽ നിന്ന് പോസ്റ്റർ തയ്യാറാക്കിയത് ഓർഡറിലുള്ള പേര് ഉപയോഗിച്ചാണ്. പോസ്റ്റർ തിരുത്തും. ശമ്പളം കിട്ടണമെങ്കിൽ ഒറിജിനൽ പേര് തന്നെ വേണം. എസ് എസ് എൽ സി ബുക്കിൽ എല്ലാം ആ പേരാണല്ലോ ഉപയോഗിച്ചിരിക്കുന്നത് എന്നും നമുക്ക് ബോധമുണ്ടായ കാലത്ത് തിരുത്തിയതാണല്ലോ പേരെന്നും അദ്ദേഹം പറഞ്ഞു. മലയാളം മിഷന് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത പോസ്റ്റില്‍ ആയിരുന്നു മലയാളത്തിന്റെ പ്രിയ കവി ആര് മുരുകന് നായര്‍ എന്നും ബ്രാക്കറ്റില്‍ മുരുകന് കാട്ടാക്കട എന്നുമാണ് എഴുതിയിരുന്നത്. സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ പേരിലായിരുന്നു പോസ്റ്റർ.