മമ്മൂട്ടി പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമായ ‘പുഴു’വിന്റെ ടീസർ ആരാധകർ ഏറ്റെടുത്തിരുന്നു. പുഴു എന്ന ചിത്രത്തിൽ വളരെ വ്യത്യസ്തമായ ലുക്കിലും ഗെറ്റപ്പിലും കഥാപാത്രത്തിലുമാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത് എന്നാണ് സൂചനകൾ. ടീസർ പുറത്തു വന്നതോടെ മമ്മൂട്ടി സിനിമയിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകൾക്കും തുടക്കമായി.
മമ്മൂട്ടിയുടെ കരിയറിൽ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു റോളാണ് പുഴു സിനിമയിലേത്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് നടി പാർവതി തിരുവോത്ത് നേരത്തെ പറഞ്ഞിരുന്നു. നവാഗതയായ രഥീന ആണ് ചിത്രത്തിന്റെ സംവിധാനം. ജോർജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ഹർഷാദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ്. മാളവിക, ഇന്ദ്രൻസ്, അന്തരിച്ചു പോയ നടൻ നെടുമുടി വേണു എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ സംഗീത സംവിധായകനായ ജേക്സ് ബിജോയിയാണ് ഇപ്പോൾ ചിത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതൊരു മാസ് ചിത്രമല്ലെന്നും ഡ്രാമയാണെന്നും ജേക്സ് ബിജോയ് പറഞ്ഞു. മമ്മൂട്ടി ചിത്രത്തിൽ ഒരു നെഗറ്റീവ് കഥാപാത്രമായാണ് എത്തുന്നതെന്നും സ്വവർഗാനുരാഗിയായാണ് അഭിനയിക്കുന്നതെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ക്യാമറ. ദീപു ജോസഫ് ആണ് എഡിറ്റർ.