നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രണ്ടു ചിത്രങ്ങളാണ് ദിലീപ് നായകനായ കേശു ഈ വീടിന്റെ നാഥൻ, ജയസൂര്യ നായകനായ ഈശോ എന്നീ ചിത്രങ്ങൾ. ഈ പേരുകൾ മതവികാരം വ്രണപ്പെടുത്തി എന്ന പേരിൽ വിവാദങ്ങളിലേക്ക് നീങ്ങവേ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നാദിർഷാ.
എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക്. ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല. ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം). അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ്line മാത്രം മാറ്റും. അല്ലാതെ തൽക്കാലം ‘ഈശോ’ എന്ന ടൈറ്റിലും ‘കേശു ഈ വീടിന്റെ നാഥൻ’ എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.
എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള, എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക്, ആരുടേയും മനസ്സ് വേദനിപ്പിക്കാനും വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല ഞാൻ. കേശു ഈ വീടിന്റെ നാഥൻ, ഈശോ എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ്. അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക.