മികച്ച വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം കണ്ടെത്തിയ യുവനായികയാണ് നമിത പ്രമോദ്. കൈനിറയെ സിനിമകളുമായി ഏറെ തിരക്കുള്ള നമിത തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ച് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ഒരു മാധ്യമത്തോട് തുറന്ന് പറഞ്ഞു.
“വിവാഹമെന്ന കാര്യത്തെക്കുറിച്ച് എനിക്കിപ്പോള്‍ താല്പര്യമില്ല. ഭാഗ്യത്തിന് അച്ഛനും അമ്മയും കല്യാണം കഴിക്കാന്‍ വേണ്ടി എന്നെ നിര്‍ബന്ധിക്കുന്നുമില്ല. ഞാനെപ്പോള്‍ കേപ്പബിള്‍ ആണെന്ന് സ്വയം തോന്നുന്നുവോ അപ്പോള്‍ കല്യാണം കഴിച്ചാല്‍ മതി എന്നാണ് അവര്‍ പറയുന്നത്. പക്വതയെത്താതെ കല്യാണം കഴിച്ചിട്ട് പാർട്ട്ണറെയും ആ കുടുംബത്തെയും ബുദ്ധിമുട്ടിക്കാന്‍ പാടില്ലെന്നതാണ് അവരുടെയും നിലപാട്. 25, 26 വയസ്സൊക്കെ ആകുമ്പോഴേ ഒരു കുടുംബം നോക്കാനുള്ള കഴിവും പക്വതയും ഒക്കെ എനിക്ക് വരൂ എന്ന് തോന്നുന്നു. ഒരു കുഞ്ഞ് ഒക്കെ ആയി കഴിഞ്ഞാല്‍ അതിനെയും മറ്റ് കുടുംബ കാര്യങ്ങളും ഒക്കെ നോക്കണ്ടേ. അപ്പോ വെറുതെ ഒരു കല്യാണം കഴിക്കുന്നതില്‍ കാര്യമില്ലല്ലോ.” – നമിത പറഞ്ഞു.
“എനിക്കാണെങ്കില്‍ ഡിവോഴ്സ് പോലെയുള്ള കാര്യങ്ങളൊന്നും ലൈഫില്‍ വരാന്‍ പാടില്ല എന്നൊരു ആഗ്രഹമുണ്ട്. നമ്മളെക്കൊണ്ട് പറ്റുന്നത്ര അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടുപോകണം. ഇപ്പൊ എടുത്തുചാടി ചെയ്യുന്ന തീരുമാനങ്ങളൊക്കെ തെറ്റായി പോകും. അതുകൊണ്ട് അക്കാര്യം ആലോചിച്ച് മാത്രമേ ചെയ്യൂ. പെട്ടെന്ന് ഒരു പയ്യനെ കൊണ്ട് കാണിച്ചിട്ട് ആറുമാസത്തിനകം നിങ്ങളുടെ എന്‍ഗേജ്മെന്റ്. കല്യാണം എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് ബുദ്ധിമുട്ടാവും. അതെന്റെ വീട്ടുകാര്‍ക്കും അറിയാം.” -നമിത കൂട്ടിച്ചേർത്തു.