പൃഥ്വിരാജ് സുകുമാരൻ, ബിജുമേനോൻ, എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് വൻ വിജയമാക്കിത്തീർത്ത ചിത്രമായിരുന്നു അയ്യപ്പനും കോശിയും. ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത് സച്ചി ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നേടിയെടുത്തത്. ചിത്രത്തിൽ നഞ്ചമ്മ ആലപിച്ച ദൈവമകളെ എന്ന ഗാനം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. റോബിൻഹുഡ്, ചോക്ലേറ്റ്, രാമലീല അനാർക്കലി, ഡ്രൈവിംഗ് ലൈസൻസ്, അയ്യപ്പനുംകോശിയും എന്നീ ചിത്രങ്ങളിൽ കയ്യൊപ്പ് പതിഞ്ഞ സച്ചി ഇന്നലെ മരണമടഞ്ഞു. അദ്ദേഹത്തിന്റെ വേർപാട് വളരെ വേദനയോടെയാണ് സിനിമാലോകവും ആരാധകരും നോക്കിക്കണ്ടത്.
ഇപ്പോൾ സച്ചിയുടെ വേർപാടിൽ വേദനിക്കുകയാണ് നഞ്ചമ്മയും. “ആട് മാട് മേച്ച് നടന്ന എന്നെ, സച്ചി സാറാണ് നാട്ടിൽ അറിയുന്ന ആളാക്കി മാറ്റിയത്. എനിക്കറിയില്ല എന്ത് പറയണമെന്ന്, കുറച്ച് ദിവസം മുൻപ് കാണാൻ വരുമെന്ന് പറഞ്ഞിരുന്നു. ഈ മരണം സഹിക്കാനാവുന്നില്ല.” നഞ്ചമ്മ പറയുന്നു. സച്ചിക്ക് നഞ്ചമ്മയുടെ എല്ലാ പാട്ടുകളും ഇഷ്ടമായിരുന്നു എങ്കിലും ദൈവമകളെ ആയിരുന്നു കൂടുതൽ ഇഷ്ടം. നഞ്ചമ്മക്ക് സച്ചി വെറും ഒരു സംവിധായകൻ മാത്രമായിരുന്നില്ല സ്വന്തം മകനെ പോലെ ആയിരുന്നു. പാട്ടുകാരി ആയിരുന്നുവെങ്കിലും നഞ്ചമ്മ ലോകം അറിയപ്പെടുന്ന ഒരു ഗായികയായി മാറിയത് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയായിരുന്നു. അതിന് അവസരം നൽകിയതും സച്ചി ആയിരുന്നു. സിനിമയ്ക്ക് ശേഷവും നഞ്ചമ്മയുടെ വിശേഷങ്ങൾ ചോദിച്ചറിയാൻ സച്ചി മടിച്ചിരുന്നില്ല എന്നും അടുത്തിടെ തന്നെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞിരുന്നു എന്നും നഞ്ചമ്മ പറയുന്നു.
"ആട് മാട് മേച്ച് നടന്ന എന്നെ, സച്ചി സാറാണ് നാട്ടിൽ അറിയുന്ന ആളാക്കി മാറ്റിയത്. എനിക്കറിയില്ല എന്ത് പറയണമെന്ന്. സംവിധായകൻ സച്ചിയുടെ മരണം അറിഞ്ഞ നഞ്ചമ്മ. #RIPSachy #Sachy #AyyappanumKoshiuhm pic.twitter.com/NBBQpwIN4l
— News18 Kerala (@News18Kerala) June 19, 2020