പൃഥ്വിരാജ് ബിജു മേനോനോടൊപ്പം ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചഭിനയിച്ച അനാർക്കലി എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന് വലിയൊരു ഹിറ്റ് സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. അനാർക്കലി എന്ന ചിത്രത്തിലെ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് ഏറെ ആകാംഷയാണ് ഉള്ളത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർസിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
അന്നാ രേഷ്മരാജൻ, സിദ്ദിഖ്, അനുമോഹൻ ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു
ഷാജു ശ്രീധർ ,ഗൗരി നന്ദ തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരന്റെ വേഷം ചെയ്യുന്നത് മഴവിൽ മനോരമയിലെ റിയാലിറ്റി ഷോ നായികാ നായകനിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദ് ആണ്.ചിത്രത്തിൽ പൃഥ്വിയുടെ അനിയൻ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് നന്ദു പറയുന്നു.
നന്ദുവിന്റെ കുറിപ്പ് വായിക്കാം
‘വലിയ സ്വപ്നങ്ങളിലേക്ക് എത്താൻ ഒരുപാട് കാലം വേണമെന്നാണ് നമ്മൾ കരുതാറ്. അത്തരം സ്വപ്നങ്ങളിലേക്ക് പരിശ്രമിക്കുമ്പോൾ പിന്നിട്ട കാലവും അനുഭവിച്ച പ്രയാസവും നമ്മൾ മറന്നുപോകും.’
‘ആറു വർഷം മുമ്പേയുള്ള അപക്വമായ ഒരാഗ്രഹം മാത്രമല്ല ഇന്നെനിക്ക് സിനിമ. സ്ക്രീൻ പങ്കിടുന്നതിലുപരി പൃഥ്വിരാജ് എന്ന പ്രതിഭയുടെ അനുജനായി അഭിനയിക്കുക എന്ന ആഗ്രഹം ആദ്യസിനിമ ചെയ്തുതീർന്നപ്പോഴും മനസിൽ കത്തിക്കിടന്നിരുന്നു. രണ്ടാമത്തെ സിനിമയ്ക്കുവേണ്ടി പ്രയത്നിച്ചുകൊണ്ടിരിക്കെ സച്ചിച്ചേട്ടനും ചീഫ് അസോസിയേറ്റായ ജയൻചേട്ടനും വന്നത് “അയ്യപ്പനും കോശിയും” എന്ന സിനിമയിൽ പൃഥ്വിരാജിന്റെ അനിയന്റെ വേഷവുമായിട്ടായിരുന്നു. ഈയൊരു ചെറിയ കാലത്തെ കാത്തിരിപ്പിനൊടുവിൽ രാജുവേട്ടന്റെ അനിയനായുള്ള സിനിമ ഇന്ന് സംഭവിക്കുന്നു എന്നത് തന്നെയാണ് എനിക്ക് അദ്ഭുതവും ആത്മവിശ്വാസവും. കൂടെനിന്നവർക്കും വിശ്വസിച്ച് പിടിച്ചെഴുന്നേല്പിച്ചവർക്കും നന്ദി.’–നന്ദു കുറിച്ചു