പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. നിരവധി ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രമാണ് ഇന്ത്യൻ. ആ ചിത്രത്തിന് രണ്ടാംഭാഗം ഇറങ്ങുമ്പോൾ പ്രേക്ഷകർ അത്ര ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുച്ചെന്ന കാര്യം വ്യക്തമാക്കി സംവിധായകൻ ശങ്കർ പങ്കുവെച്ച പോസ്റ്റർ വൈറലായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞദിവസം ആരംഭിച്ചെങ്കിലും കമൽ ഹാസന്റെ ഭാഗങ്ങൾ സെപ്തംബർ ആദ്യം മുതൽ ആയിരിക്കും ഷൂട്ട് ചെയ്തു തുടങ്ങുക. ഇന്ത്യൻ സിനിമ ഇന്ത്യൻ 2ലേക്ക് എത്തുമ്പോൾ കമൽ ഹാസനെ കൂടാതെ നെടുമുടി വേണുവിന്റെ കഥാപാത്രവും ചിത്രത്തിൽ ഉണ്ടാകും. എന്നാൽ, നെടുമുടി വേണുവിന്റെ കഥാപാത്രം ആര് ചെയ്യുമെന്നത് സംബന്ധിച്ച് ആശങ്കകൾ ഉണ്ടായിരുന്നു.
2018ൽ ആയിരുന്നു ഇന്ത്യൻ 2 സിനിമ പ്രഖ്യാപിക്കപ്പെട്ടത്. ഷൂട്ടിംഗ് 2019ൽ ആരംഭിച്ചിരുന്നെങ്കിലും 2020 കോവിഡ് വ്യാപിച്ചതോടെ ഷൂട്ടിംഗ് മുടങ്ങി. 2020 ഫെബ്രുവരിയില്‍ ചിത്രീകരണ സ്ഥലത്ത് സംഭവിച്ച ക്രെയിന്‍ അപകടത്തില്‍ മൂന്നു പേര് മരണപ്പെടുകയും ചെയ്തിരുന്നു. കോവിഡ് കൂടി വ്യാപിച്ചതോടെ സിനിമയുടെ ചിത്രീകരണം മുടങ്ങുകയായിരുന്നു. 1996ൽ റിലീസ് ചെയ്ത ഇന്ത്യനിൽ കൃഷ്ണസ്വാമി എന്ന വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ആയിരുന്നു നെടുമുടി വേണു അവതരിപ്പിച്ചത്. ഇന്ത്യൻ 2വിലും നെടുമുടി വേണുവിന്റെ കഥാപാത്രം ഉണ്ട്. ചില രംഗങ്ങൾ അദ്ദേഹം പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനിടയിലാണ് നെടുമുടി വേണുവിന്റെ മരണം സംഭവിച്ചത്. നെടുമുടി വേണുവിന്റെ അസാന്നിധ്യത്തിൽ ചിത്രത്തിലെ അദ്ദേഹത്തിന്റെ ബാക്കിയുള്ള രംഗങ്ങൾ നന്ദു പൊതുവാൾ പൂർത്തിയാക്കുമെന്നാണ് വിവരം. ഇതിനായി നന്ദു പൊതുവാൾ 40 ദിവസത്തെ ഡേറ്റും നൽകിയിട്ടുണ്ട്.
കാജൽ അഗർവാൾ ആണ് ചിത്രത്തിൽ കമൽ ഹാസന്റെ നായികയായി എത്തുന്നത്. സിദ്ധാർഥ്, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1996-ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ സിനിമയിൽ കമൽ ഹാസൻ ഇരട്ടവേഷത്തിലെത്തിയപ്പോൾ സിനിമയിലെ നായിക മനീഷ കൊയ്രാള ആയിരുന്നു. സുകന്യ, ഗൗണ്ടമണി എന്നിവരും പ്രധാന വേഷങ്ങളിൽ അന്ന് ചിത്രത്തിൽ എത്തിയിരുന്നു. ഒന്നാം ഭാഗത്തിൽ എ ആർ റഹ്മാൻ ആയിരുന്നു സംഗീതസംവിധാനം നിർവഹിച്ചതെങ്കിൽ രണ്ടാം ഭാഗത്തിൽ അനിരുദ്ധ് രവിചന്ദർ ആണ്. ഉദയനിധി സ്റ്റാലിന്റെ പ്രൊഡക്ഷൻ കമ്പനിയായ റെഡ് ജയന്റ് മൂവീസും ലൈക്കാ പ്രൊഡക്ഷൻസും ചേർന്നാണ് ‘ഇന്ത്യൻ 2’ നിർമ്മിക്കുന്നത്.
#Indian2 the late #NedumudiVenu had a crucial role in #Indian. He had also shot some scenes for #I2, before his untimely death. Now latest we hear is that Malayalam actor #NanduPoduval a look alike of Venu will complete the film! pic.twitter.com/36eHJuZcrA
— Sreedhar Pillai (@sri50) August 8, 2022