തമിഴ് നടനാണെങ്കിലും മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് നെപ്പോളിയന്. നെപ്പോളിയന് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ദേവാസുരത്തിലെ മുണ്ടക്കല്‍ ശേഖരനെയാണ് ഓര്മ വരിക.
നായകനോളം പോന്ന വില്ലനെ അവതരിപ്പിച്ച നെപ്പോളിയന് വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടുകയും ചെയ്തു.
നാല് ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നെപ്പോളിയന് ഇപ്പോള്‍ ഹോളിവുഡിലേക്ക് ചേക്കേറാനൊരുങ്ങുകയാണ്.
ഡാനിയേല്‍ ന്യൂഡ്സെന് സംവിധാനം ചെയ്യുന്ന ക്രിസ്മസ് കൂപ്പണില്‍ ഹോക്കി പ്ലയറുടെ മാനേജരുടെ വേഷത്തിലാണ് നെപ്പോളിയനെത്തുന്നത്.
കോര്‍ട്ട്നി മാത്യൂസ്, ആരോണ്‍ നോബിള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാത്യൂസ് സ്കേറ്റിംഗ് ചാമ്പ്യനായും ആരോണ്‍ ഹോക്കിതാരമായും എത്തുന്നു.
എന്റെ സ്വപ്നങ്ങളില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍, അതിലാണ് ഞാന്‍ ജീവിക്കുന്നതും. എപ്പോഴെങ്കിലും ഹോളിവുഡ് സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നെപ്പോളിയന് പറഞ്ഞു.
1991ല്‍ പുറത്തിറങ്ങിയ ഭാരതിരാജയുടെ ‘പുതു നെല്ല് പുതു നാഥ് ‘എന്ന ചിത്രത്തിലൂടെയാണ് നെപ്പോളിയന് സിനിമയിലെത്തുന്നത്.
ചിത്രത്തില്‍ അറുപത് വയസുള്ള കഥാപാത്രമായിട്ടാണ് താരമെത്തിയത്. വില്ലന്‍ വേഷങ്ങളിലാണ് താരം കൂടുതല്‍ തിളങ്ങിയിട്ടുള്ളത്.
പിന്നീട് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട് നെപ്പോളിയന്. മന്മോഹന് സിംഗ് മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്നു.
കുമരേശന്‍ ദുരൈസ്വാമി എന്നാണ് യഥാര്‍ത്ഥ പേര്. സീമരാജയാണ് നെപ്പോളിയന് ഒടുവില്‍ അഭിനയിച്ച തമിഴ് ചിത്രം.