എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍ നായകനായ ‘നരസിംഹം’. 2000ല്‍ പുറത്തിറങ്ങിയ ചിത്രം അക്കാലത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കിയ സിനിമ കൂടിയായിരുന്നു. മീശ പിരിച്ചു കാട്ടി മഹീന്ദ്രയുടെ ചുവന്ന ജീപ്പില്‍ കറങ്ങിയ ഇന്ദുചൂഡന് അന്ന് ആരാധകരുടെ ഹരമായിരുന്നു.
അന്ന് മലയാൡകളുടെ മനസ്സില്‍ ഇന്ദുചൂഡനൊപ്പം ആ ചുവന്ന ജീപ്പും സ്ഥാനം പിടിച്ചു. ആ ജീപ്പിന്റെ ഇപ്പോഴത്തെ ഉടമ മധു ആശാന് ആണ്. നരസിംഹം പുറത്തിറങ്ങി കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ ജീപ്പ്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മധു ആശാന് വിറ്റു. ആന്റണിയുടെ സുഹൃത്ത് ആയിരുന്നു മധു ആശാന്.
അന്ന് 80000 രൂപയ്ക്കാണ് താന്‍ ജീപ്പ് വാങ്ങിയതെന്ന് മധു ആശാന് മനോരമ ടിവിയോടാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇപ്പോള്‍ കോടികള്‍ പ്രതിഫലമായി തരാമെന്ന് പറഞ്ഞാലും ജീപ്പ് വില്ക്കാന് ഒരുക്കമല്ലെന്ന് മധു പറയുന്നു. തനിക്ക് ബാക്കിയെല്ലാം സമ്പാദിക്കാന്‍ സാധിച്ചത് ഈ ജീപ്പ് കാരണമാണെന്നും മധു പറഞ്ഞു.
ഈ ജീപ്പില്‍ പിണറായി വിജയന് പ്രചാരണം നടത്തിയ ശേഷമാണ് മുഖ്യമന്ത്രിയായതെന്ന് ആശാന് പറയുന്നു. രമേശ് ചെന്നിത്തല, വെള്ളാപ്പള്ളി നടേശന്, ശങ്കരാചാര്യ സ്വാമികള്‍, എംഎല്‍എ കുരുവിള തുടങ്ങിയ പ്രമുഖരും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ ജീപ്പ് ഉപയോഗിച്ചിട്ടുണ്ടെന്നും മധു ആശാന് പറഞ്ഞു.