മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് നരേൻ. മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ പ്രിയപ്പെട്ട താരമായ അദ്ദേഹം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ച പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മകളോടൊപ്പം ചെസ്സ് കളിക്കുന്ന ചിത്രമാണ് നരേൻ പോസ്റ്റ് ചെയ്തത്. ഇതിന് റിപ്ലൈ ആയി ജയസൂര്യ കുറിച്ച കമന്റ് ചിരിയുളവാക്കി. “നന്നായട , പണി ഇല്ലാതെ ഇരിക്കുമ്പോൾ ഇങ്ങനെ എങ്കിലും ചെക്ക് കിട്ടുമല്ലോ ” എന്നാണ് ജയസൂര്യ കുറിച്ചത്. ഇതിന് മറുപടിയായി നരേൻ ” സത്യം ഇപ്പോൾ എങ്ങനെ എങ്കിലും ഒരു ചെക്ക് കിട്ടിയാൽ മതിയെന്നായി” എന്നും കുറിച്ചു. രണ്ട്പേരുടെയും കമന്റുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിളിലെ സിറ്റി പോലീസ് കമ്മീഷണറുടെ വേഷത്തിലൂടെയാണ് നരേൻ ശ്രദ്ധ പിടിച്ചുപറ്റുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മയിലെ ഇജോ എന്ന കഥാപാത്രം ഈ നടന്റെ സാധ്യതകൾ വിളിച്ചോതി. മീരാ ജാസ്മിൻ ആയിരുന്നു നായിക. തുടർന്ന് ശരത്ചന്ദ്രൻ വയനാടിന്റെ അന്നൊരിക്കൽ എന്ന ചിത്രത്തിൽ കാവ്യാ മാധാവന്റെ നായകനായി. ഫോർ ദ പീപ്പിളിന്റെ തമിഴ്, തെലുങ്ക്, ബംഗാളി പതിപ്പുകളിലും ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബൈ ദ പീപ്പിളിലും പോലീസ് ഓഫീസറുടെ വേഷം നരനെ പിന്നീട് തേടിയെത്തി.
ഇതിനിടെ മലയാളത്തിന്റെ ആദ്യ ഡയറക്റ്റ് ഒ ടി ടി റിലീസായി പ്രേക്ഷകർക്കിടയിലേക്ക് ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സൂഫിയും സുജാതയും എത്തിയിരുന്നു. ജയസൂര്യയെ കൂടാതെ അതിഥി റാവു, ദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിർമിച്ചത് വിജയ് ബാബു ആണ്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.