മലയാളി പ്രേക്ഷകരുടെ ഇഷ്ട ജോഡിയാണ് ഫഹദ് ഫാസിൽ – നസ്രിയ ദമ്പതികൾ. അഭിനയത്തിലും ജീവിതത്തിന്റെ കാര്യത്തിലും എല്ലാവരും ഇവരുടെ ജീവിതത്തിലേക്ക് ഉറ്റുനോക്കാറുണ്ട്. നസ്രിയയുടെ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് പൃഥ്വിരാജ് നായകനായി എത്തുന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ പ്രതീക്ഷിച്ചിരിക്കുന്ന ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന മറ്റൊരു വാർത്ത കൂടിയാണ് പുറത്തുവന്നിരിക്കുന്നത് . നസ്രിയ നിർമാതാവിന്റെ പട്ടം കൂടി അണിയുന്നു. മലയാള സിനിമയുടെ സ്റ്റൈലിഷ് സംവിധായകൻ അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നസ്രിയ, ഫഹദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അമൽ നീരദ് പ്രൊഡക്ഷൻസും ചേർന്ന് നിർമിക്കുന്നത്. ഫഹദ് ഫാസിൽ,ഐശ്വര്യ ലക്ഷ്മി എന്നിവർ നായിക നായകന്മാർ ആകുന്ന സിനിമയുടെ ചിത്രികരണം വാഗമണിൽ ആരംഭിച്ചു.
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷമാണ് അമൽ നീരദും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്നത്. അമൽ നീരദിന്റെ ഉടമസ്ഥതയിലുള്ള എ എൻ പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നാസിം പ്രൊഡക്ഷന്സും ചേർന്ന് സിനിമ നിർമിക്കുമ്പോൾ പ്രക്ഷകർക്കു പ്രതീക്ഷിക്കാൻ ഏറെയാണ്.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ നടി ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. താടി നീട്ടി വളർത്തി സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. സിനിമയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതുകൊണ്ട് അമൽ നീരദിന്റെ മറ്റൊരു മികച്ച ട്രീറ്റ് തന്നെയാകും ചിത്രമെന്ന് പ്രതീക്ഷിക്കാം. ലിറ്റൽ സ്വയമ്പണ് ഈ ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അൻവർ റഷീദ് ചിത്രം ട്രാൻസ് ആണ് ഫഹദിന്റെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത സിനിമ .