കഴിഞ്ഞ വര്‍ഷം ദേശീയ പുരസ്കാരത്തില്‍ മലയാളത്തിന് അഭിമാനിക്കാനുള്ളതെല്ലാം ഉണ്ടായിരുന്നു. മലയാളത്തിന് പത്ത് പുരസ്കാരങ്ങളായിരുന്നു കിട്ടിയത്.
മലയാള സിനിമ അതുല്യ പ്രതിഭയുള്ള നിരവധി താരങ്ങളെ കണ്ടെത്തിയ ഇന്‍ഡസ്ട്രിയാണ്. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിന്റെ താരരാജാക്കന്മാരടക്കം നിരവധി താരങ്ങളും ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയില്‍ ചുവടുറപ്പിച്ച മമ്മൂട്ടിയ്ക്ക് പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിരുന്നില്ല. സിനിമയില്‍ അത്രയക്കും വളര്‍ച്ചയായിരുന്നു മമ്മൂട്ടിയ്ക്കുണ്ടായിരുന്നത്. പ്രായം കൂടി വരുന്നതിനുസരിച്ച് ഗ്ലാമര്‍ കൂടുന്ന അസുഖമുണ്ടെന്നാണ് മമ്മൂട്ടിയെ കുറിച്ച് ആരാധകര്‍ പറയുന്നത്. ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്കി ആദരിച്ചിരുന്നു. അഭിനയത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന മമ്മൂട്ടിയ്ക്ക് മൂന്ന് തവണയായിരുന്നു മികച്ച നടനുള്ള ദേശീയ പുരസ്കാരം കിട്ടിയത്. 1990 ല്‍ മതിലുകള്‍, വടക്കന്‍ വീരഗാഥ. 1994 ല്‍ വിധേയന്, പൊന്തന്‍ മാട, 1999 ല്‍ അംബേദ്കര്‍ എന്നീ സിനിമകളിലൂടെയായിരുന്നു മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്കാരം കിട്ടിയത്.
മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. രണ്ട് തവണ മികച്ച നടനുള്ളതടക്കം നാല് തവണയായിരുന്നു മോഹന്‍ലാലിന് ദേശീയ പുരസ്കാരം കിട്ടിയത്. കിരീടത്തിലൂടെ 1989 പ്രത്യേക ജൂറി പരമാര്‍ശം, 1991 ല്‍ ഭരതത്തിലൂടെ മികച്ച നടന്, 1999 ല്‍ വാനപ്രസ്ഥത്തിലൂടെ വീണ്ടും മികച്ച നടന്, 2016 ല്‍ പുലിമുരുകന്, ജനത ഗാരേജ്, ഒപ്പം എന്നീ സിനിമകളിലൂടെ പ്രത്യേക ജൂറി പരമാര്‍ശവും മോഹന്‍ലാലിന് കിട്ടിയിരുന്നു.
മിമിക്രിയിലൂടെ സിനിമയിലെത്തി ഹാസ്യനടനായി മലയാളികളുടെ ഹൃദയത്തിലേക്കെത്തിയ സുരാജ് വെഞ്ഞാറമൂടും ദേശീയ പുരസ്കാരം നേടിയ താരങ്ങളില്‍ ഒരാളാണ്. 2013 ലായിരുന്നു മികച്ച നടനുള്ള ദേശീയ പുരസ്കാരം സുരാജ് വെഞ്ഞാറമൂടിനെ തേടിയെത്തിയത്. പേരറിയാത്തവര്‍ എന്ന സിനിമയിലെ പ്രകടനത്തിലൂടെയായിരുന്നു സൂരാജിനെ തേടി അംഗീകാരമെത്തിയത്. ഇന്ന് മലയാള സിനിമയിലും ടെലിവിഷനിലും സജീവ സാന്നിധ്യങ്ങളില്‍ ഒരാള്‍ സുരാജ് വെഞ്ഞാറമൂടാണ്. സുരാജ് അഭിനയിക്കുന്ന നിരവധി സിനിമകളാണ് റിലീസിനൊരുങ്ങുന്നത്.
മലയാള സിനിമയുടെ മറ്റൊരു ഹാസ്യ രാജാവാണ് സലീം കുമാര്‍. നടന്, സംവിധായകന് എന്നി നിലകളില്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന താരം മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു. ആദാമിന്റെ മകന് അബു എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയായിരുന്നു സലീം കുമാറിന് ദേശീയ പുരസ്കാരം കിട്ടിയത്. അതേ സിനിമയിലെ പ്രകടനത്തിന് തന്നെയായിരുന്നു അക്കൊല്ലത്തെ കേരള സംസ്ഥാന പുരസ്കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരവും അദ്ദേഹത്തിന് തന്നെ കിട്ടിയത്. കറുത്ത ജൂതന്, ദൈവമേ കൈതൊഴാം കെ. കുമാറാകേണം എന്നിങ്ങനെ രണ്ട് സിനിമകളാണ് സലീം കുമാര്‍ സംവിധാനം ചെയ്തിരിക്കുന്നത്.