എന്തുകൊണ്ടാണ് നയൻതാര ഇതുവരെ ഒരു അഭിമുഖം നൽകാത്തത് എന്ന ആരാധകരുടെ പരാതിക്ക് വിരാമമിട്ടുകൊണ്ട് പത്തുവർഷത്തിനിടെ വോഗ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ആദ്യമായി നയൻതാര മനസ്സ് തുറക്കുകയാണ്. ഒക്ടോബർ ലക്കത്തിലെ മാഗസിന്റെ കവർതാരങ്ങൾ നയൻതാരയും ദുൽഖർ സൽമാനും തെലുങ്ക് താരം മഹേഷ് ബാബുവുമാണ്. മാഗസിനുവേണ്ടി കവർ മോഡൽ ആകുന്ന ആദ്യ തെന്നിന്ത്യൻ നടി കൂടിയാണ് താരം. അഭിമുഖത്തിൽ സിനിമയെക്കുറിച്ചും തന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചും നയൻതാര മനസ്സുതുറന്നു.
താൻ പ്രധാന കഥാപാത്രമായി എത്തുന്ന എല്ലാ ചിത്രങ്ങളിലും തീരുമാനം തന്റെ ആണെന്നും ചില സംവിധായകർ ഭർത്താക്കൻമാരോ കാമുകന്മാരോ കേന്ദ്രീകൃതമായുള്ള കഥകളുമായി എത്തുമ്പോൾ ഇത് ആവശ്യമാണോ എന്ന് താൻ ചോദിക്കാറുണ്ട് എന്നും നയൻതാര പറയുന്നു. വിജയം സംഭവിക്കുമ്പോൾ തലക്കനം കൂടുകയോ അതിൽ മതി മറക്കുകയോ ചെയ്യുന്ന ഒരാളല്ല താനെന്നും നല്ലൊരു സിനിമ പ്രേക്ഷകർക്ക് നൽകാൻ തനിക്ക് ആകുമോ എന്ന ഭയത്തിലാണ് താൻ ഇപ്പോഴും ജീവിക്കുന്നത് എന്നും താരം പറയുന്നു. ചിരഞ്ജീവി നായകനായെത്തിയ സൈറ നരസിംഹ റെഡ്ഡിയാണ് നയന്‍താരയുടേതായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം. രജനീകാന്തിന്റെ ദര്‍ബാര്‍, വിജയുടെ ബിഗില്‍ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റു സിനിമകൾ.