ചാർലി എന്ന സൂപ്പർഹിറ്റിനു ശേഷം മാര്ട്ടിന് പ്രക്കാട്ട് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബനും ജോജു ജോർജ്ജും പ്രധാനവേഷത്തിലെത്തുന്ന, നിമിഷ സജയൻ നായികയാവുന്ന ‘നായാട്ട്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിന് രചന നിർവഹിക്കുന്നത് ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറാണ്. അനിൽ നെടുമങ്ങാട്, യമ ഗിൽരമേശ് കൂടാതെ ഒഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട കഴിവുറ്റ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദും എഡിറ്റിങ് മഹേഷ് നാരായണനും സംഗീതം വിഷ്ണു വിജയ്യും ഗാനരചന അൻവർ അലിയുമാണ് നിർവഹിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ രഞ്ജിത്, ശശികുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോൾഡ് കോയ്ൻ പിക്ച്ചേർസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ്. കോലഞ്ചേരി, അടിമാലി, മൂന്നാർ, വട്ടവട, കൊട്ടക്കാംബൂർ എന്നിവിടങ്ങളാണ് ലൊക്കേഷനുകൾ. സിനിമയുടെ പേരും മറ്റു വിവരങ്ങളും വരും ദിവസങ്ങളിൽ പുറത്തുവിടും എന്നാണ് അറിയുവാൻ കഴിയുന്നത്.