സ്വന്തം ജീവിതത്തിൽ സംഭവിച്ച തെറ്റുകൾ തുറന്നു പറഞ്ഞ് അത്തരം അബദ്ധങ്ങളിൽ പെൺകുട്ടികൾ ചെന്നു വീഴരുതെന്ന നിർദ്ദേശവുമായി പ്രശസ്ത ബോളിവുഡ് നടി നീന ഗുപ്ത. ഒരുകാലത്ത് ബോളിവുഡിലെ സൂപ്പർനായിക ആയിരുന്ന നീന ഗുപ്തയ്ക്ക് നിരവധി ആരാധകർ ആയിരുന്നു ഉണ്ടായിരുന്നത്. ബോളിവുഡിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും നീന ഗുപ്ത അഭിനയിച്ചിട്ടുണ്ട്. നീന ഗുപ്തയുടെ ആത്മകഥ (Sach Kahun Toh) കഴിഞ്ഞയിടെ ആയിരുന്നു പുറത്തിറങ്ങിയത്. തന്റെ സിനിമാജീവിതത്തിൽ ഉണ്ടായ പല സംഭവങ്ങളും തുറന്നു പറയുന്ന നീന പെൺകുട്ടികൾക്ക് ഒരു പ്രധാന ഉപദേശവും നൽകുന്നുണ്ട്. വിവാഹിതരായ പുരുഷൻമാരെ ഒരിക്കലും പ്രണയിക്കരുത് എന്നാണ് ആ ഉപദേശം.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം താരം ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. അത് അൽപം ദീർഘവുമായിരുന്നു. തന്റെ ഭാര്യയുമായി ഇനിയും പൊരുത്തപ്പെട്ട് ജീവിക്കാൻ കഴിയില്ലെന്ന് തോന്നുമ്പോഴാണ് ഒരു പുരുഷൻ മറ്റ് സ്ത്രീകളുടെ പിന്നാലെ പോകുന്നത്. എന്നാൽ, വിവാഹബന്ധം വേർപെടുത്താൻ അയാൾ ഒരിക്കലും തയ്യാറായിരിക്കില്ല. കുട്ടികളുണ്ട് എന്നതായിരിക്കും ഇതിലെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് തുടങ്ങിയ കാര്യങ്ങൾ ആയിരുന്നു കഴിഞ്ഞവർഷം ആ വീഡിയോയിൽ പറഞ്ഞത്.
ഭാര്യയും കുട്ടികളുമുള്ള പുരുഷൻമാരെ സംബന്ധിച്ച് അവധി ആഘോഷിക്കാൻ പോകുകയെന്നത് കുറച്ച് ബുദ്ധിമുട്ട് ആയിരിക്കും. പലപ്പോഴും കുടുംബത്തിൽ ഇതിനെക്കുറിച്ച് കള്ളങ്ങൾ പറയേണ്ടി വരും. രാത്രി വൈകി വീട്ടിലെത്തുന്നതിന് പല തരത്തിലുള്ള കള്ളങ്ങൾ പറയേണ്ടി വരും. പുതുതായി ഇയാളുമായി ബന്ധത്തിൽ ഏർപെട്ട പെൺകുട്ടികൾ പല തരത്തിൽ ഇയാളെ വിവാഹബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കും. പക്ഷേ, ഓരോ കാരണങ്ങൾ പറഞ്ഞ് പുരുഷൻ ഇതിൽ നിന്ന് പിൻമാറും. സ്വന്തം ഭാര്യയുമായി ബാങ്ക് അക്കൗണ്ട് വരെ പങ്കുവെച്ചിട്ടുണ്ട് എന്ന കാര്യം പിന്നീട് ആയിരിക്കും ഉണ്ടാകുക. പുരുഷന്റെ പല കാര്യങ്ങളിലും ഭാര്യയ്ക്ക് പങ്കുണ്ടെന്ന ബോധ്യം പതിയെ ആയിരിക്കും ഉണ്ടാകുക. ഇതൊക്കെ മനസിലാക്കി കഴിയുമ്പോൾ പുതിയ കാമുകിയെ പരമാവധി ഉപയോഗിച്ച ശേഷം കൈയൊഴിയുകയാണ് മിക്ക വിവാഹിതരായ പുരുഷൻമാരും ചെയ്യുന്നത്.