പെരുന്നാൾ റിലീസായി തീയറ്ററുകളിൽ എത്താനിരുന്ന മോഹൻലാൽ ചിത്രം നീരാളി ചില പ്രത്യേക കാരണങ്ങളാൽ പ്രേക്ഷകരുടേയും അഭ്യുദയകാംക്ഷികളുടെയും അഭ്യർത്ഥന പ്രകാരം നീട്ടിവച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുതിയ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ്. ജൂലൈ 12ാണ് പുതുക്കിയ റിലീസ് തീയതി. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ മലയാളത്തിൽ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമായ നീരാളിയുടെ നിർമാണം മൂൺഷോട്ട് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ്. സ്റ്റീഫൻ ദേവസ്സി സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ലാലേട്ടനും ശ്രേയ ഘോഷാലും ചേർന്നാലപിച്ച ഗാനം ഇതിനകം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു കഴിഞ്ഞു. ഏറെ പ്രതീക്ഷകളാണ് ചിത്രത്തിന്റെ ട്രെയ്ലറും പകർന്നിരിക്കുന്നത്. വലിയൊരു ഇടവേളക്ക് ശേഷം നാദിയ മൊയ്ദു ലാലേട്ടന്റെ നായികയാകുന്നുവെന്ന പ്രത്യേകതയും നീരാളിക്കുണ്ട്. പാർവതി നായർ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.