പൃഥ്വിരാജ് ചിത്രം 9 സംസ്ഥാന അവാർഡ് പരിഗണന ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന് എതിരെ പരാതിയുമായി ഒരു കൂട്ടം ഫിലിം മേക്കേഴ്സ്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമലിന്റെ മകൻ ജെനൂസ് മുഹമ്മദാണ് ചിത്രത്തിന്റെ സംവിധാനം. ജൂറി മെംബേഴ്സിന്റെയോ അടുത്ത കുടുംബാംഗങ്ങളുടെയോ ചിത്രങ്ങൾ അവാർഡിനായി പരിഗണിക്കരുതെന്ന അവാർഡ്സ് ഗൈഡ്ലൈൻസ് സെക്ഷൻ III (6) ലംഘിച്ചുവെന്നാണ് പരാതി.
2018ലും ഇങ്ങനെ സംഭവിച്ചിരുന്നുവെന്നാണ് പരാതിക്കാർ പറയുന്നത്. അക്കാദമിയിൽ അംഗങ്ങളായ ബീന പോളിന്റെ ഭർത്താവ് വേണുഗോപാൽ ഒരുക്കിയ കാർബൺ ആറ് അവാർഡുകളും കമലിന്റെ ആമി രണ്ട് അവാർഡുകളും നേടിയെന്നാണ് പരാതിക്കാർ വാദിക്കുന്നത്. ഇപ്പോൾ കമലിന്റെ മകന്റെ ചിത്രം പരിഗണിച്ചിരിക്കുന്നത് തികഞ്ഞ നെപോട്ടിസമാണെന്നും ഇത് അനുവദിക്കരുതെന്നുമാണ് പരാതിക്കാർ ആവശ്യപ്പെടുന്നത്. അടൂർ ഗോപാലകൃഷ്ണൻ, ടി കെ രാജീവ് കുമാർ, ഇന്ദ്രൻസ് തുടങ്ങിയവർ അവരുടെ ചിത്രങ്ങൾ സംസ്ഥാന അവാർഡ് പരിഗണനക്ക് വന്നപ്പോൾ രാജി വെച്ചത് പോലെ കമലും രാജി വെക്കണമെന്നാണ് ഇപ്പോൾ ആവശ്യം ഉയർന്നിരിക്കുന്നത്. അല്ലാത്ത പക്ഷം ജെനൂസിന്റെ ചിത്രം ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെടുന്നു. സെപ്റ്റംബർ 18നാണ് ഈ കേസിൽ വാദം കേൾക്കുന്നത്.
അതേ സമയം പരാതിയിൽ പ്രതികരണവുമായി കമൽ മുന്നോട്ട് എത്തിയിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണനും ഇന്ദ്രൻസും അവരുടെ ചിത്രങ്ങൾ പരിഗണനക്ക് വന്നത് കൊണ്ടല്ല രാജി വെച്ചതെന്ന് കമൽ പറയുന്നു. അക്കാദമി മെമ്പേഴ്സിന് വ്യക്തിഗതമായ അവാർഡുകൾക്ക് അപേക്ഷിക്കുവാൻ പാടില്ലായെന്നാണ് വ്യക്തമായി നിയമം പറയുന്നുവെന്നും ടി കെ രാജീവ് കുമാർ തന്റെ ചിത്രം ശേഷം അവാർഡ് പരിഗണനക്ക് വന്നപ്പോൾ രാജി വെച്ചത് അത് കൊണ്ടാണെന്നും കമൽ വ്യക്തമാക്കി. പൃഥ്വിരാജാണ് നയന് വേണ്ടി അപേക്ഷ വെച്ചതെന്നും കമൽ വെളിപ്പെടുത്തി.