മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നേര് തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒമ്പത് ദിവസം കഴിഞ്ഞപ്പോൾ ബുക്ക് മൈ ഷോയിൽ മാത്രം പത്തു ലക്ഷം ആളുകളാണ് നേര് കാണാൻ വേണ്ടി ബുക്ക് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം ഒരു ലക്ഷത്തിനു മുകളിൽ ടിക്കറ്റാണ് ബുക്ക് മൈ ഷോയിൽ നേര് കാണാനായി ബുക്ക് ചെയ്തത്. റിലീസ് ചെയ്ത് എട്ടാം ദിവസം ചിത്രം അമ്പതു കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. ഏതായാലും ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങ് ആയി മാറിയിരിക്കുകയാണ് നേര്.
ആഗോളതലത്തിൽ അമ്പതു കോടി രൂപയിലധികമാണ് നേര് ഇത്രയും ദിവസം കൊണ്ട് നേടിയത്. മോഹൻലാൽ തന്നെയാണ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അമ്പതു കോടി ക്ലബിൽ എത്തിയ വിവരം സ്ഥിരീകരിച്ചത്. ചെറിയ ബജറ്റിൽ ഒരുങ്ങിയ ചിത്രമായിട്ടും ഈ ചുരുങ്ങിയ ദിവസത്തിനുള്ളിൽ നേര് അമ്പതു കോടി ക്ലബിൽ ഇടം പിടിച്ചത് അണിയറപ്രവർത്തകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. പത്തു വർഷം മുമ്പ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം വൻ വിജയമായിരുന്നു. ദൃശ്യം പിറന്ന് പത്തു വർഷത്തിന് ശേഷമാണ് ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ നേര് തിയറ്ററുകളിൽ വൻ വിജയമാകുന്നു എന്നതും ശ്രദ്ധേയമാണ്. ഒരു കോർട്ട് റൂം ഡ്രാമയായാണ് നേര് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷക കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്.
അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്.