നടൻ എന്ന നിലയിൽ മോഹൻലാലിന്റെ ഗംഭീര തിരിച്ചു വരവ് ആണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര്. റിലീസ് ചെയ്ത അന്നുമുതൽ ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകരണം അതാണ് വ്യക്തമാക്കുന്നത്. മോഹൻലാലിന്റെ ഗംഭീര പ്രകടനം കാത്തിരുന്ന ആരാധകരെ തൃപ്തിപ്പെടുത്തുന്നതാണ് ചിത്രം. ‘നേരി’ന്റെ ബോക്സ് ഓഫീസ് കളക്ഷൻ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ആഗോളതലത്തിൽ നേര് ഇതുവരെ നേടിയത് മൂന്നു കോടി രൂപയിലധികമാണ് എന്നാണ് വിവിധ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.
നിലവിലെ റിപ്പോർട്ട് അനുസരിച്ച് 2023ലെ റിലീസ് കളക്ഷനിൽ ബോക്സ് ഓഫീസിൽ ആറാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മോഹൻലാലിന്റെ നേര്. മലയാള സിനിമ മാത്രമെടുത്താൽ റിലീസ് കളക്ഷനിൽ നേര് രണ്ടാം സ്ഥാനത്താണ്. കേരള ബോക്സ് ഓഫീസില്‍ റിലീസ് കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് വിജയ് നായകനായ ലിയോ ആണ്. 12 കോടി രൂപയുടെ നേട്ടത്തോടെയാണ് കേരള ബോക്സ് ഓഫീസ് റിലീസ് കളക്ഷനില്‍ ലിയോ ഒന്നാമത് എത്തിയത്.
രജനികാന്തിന്റെ ജയിലര്‍ ആണ് 5.85 കോടി രൂപയുമായി ലിയോയുടെ തൊട്ടുപിന്നിൽ. ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയാണ് കളക്ഷനില്‍ മൂന്നാം സ്ഥാനത്ത്. റിലീസിന് 5.75 കോടി രൂപ നേടിയാണ് മലയാളത്തില്‍ നിന്ന് 2023ലെ റിലീസ് കളക്ഷനില്‍ കിംഗ് ഓഫ് കൊത്ത ഒന്നാമതായത്. കേരള ബോക്സ് ഓഫീസിലെ റിലീസ് കളക്ഷനില്‍ 2023ല്‍ നാലാം സ്ഥാനത്ത് വിജയ്യുടെ വാരിസും അഞ്ചാം സ്ഥാനത്ത് ഷാരൂഖ് ഖാന്റെ ജവാനും ഏഴാം സ്ഥാനത്ത് മണിരത്നത്തിന്റെ പൊന്നിയിൻ സെല്‍വനും എട്ടാം സ്ഥാനത്ത് 2.40 കോടി രൂപ നേടിയ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡും ഒമ്പതാം സ്ഥാനത്ത് ഷാരൂഖ് ഖാന്റെ തന്നെ പഠാനും പത്താമത് ജൂഡ് ആന്തണി ജോസഫിന്റെ 2018ഉം ആണ്.