മോഹൻലാൽ ആരാധകർ ആവേശത്തിലാണ്. കാരണം, അവർ കാത്തിരുന്ന ലാലേട്ടനെ തിരികെ ലഭിച്ചിരിക്കുന്നു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ ക്രിസ്മസ് റിലീസ് ആയി ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞതോടെ ചിത്രത്തെക്കുറിച്ചുള്ള പോസിറ്റീവ് അഭിപ്രായങ്ങൾ വന്നു തുടങ്ങി. പ്രേക്ഷകർ എന്താണോ ആഗ്രഹിച്ചത് അത് ‘നേര്’ നൽകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിന്റെ ഫസ്റ്റ് ഹാഫും സെക്കൻഡ് ഹാഫും പ്രേക്ഷകർക്ക് എൻഗേജിംഗ് ആയിരുന്നുവെന്നാണ് തിയറ്റർ റിപ്പോർട്ടുകൾ. മോഹൻലാലിനൊപ്പം അനശ്വര രാജനും മികച്ച പ്രകടനത്തിന് തിയറ്ററിൽ കൈയടി നേടി. തന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് നേരിൽ അനശ്വര രാജൻ കാഴ്ച വെച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഷോ കഴിഞ്ഞതോടെ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം വന്നത് റിലീസ് ദിവസത്തെ മറ്റു ഷോകളുടെ ബുക്കിംഗുകളിലും പ്രതിഫലിച്ചു.
ചിത്രത്തിന്റെ നൈറ്റ് ഷോകളുടെ ടിക്കറ്റുകൾ എല്ലാം തന്നെ ബുക്കിംഗ് സൈറ്റുകളില്‍ പൂര്‍ണ്ണമായും വിറ്റുപോയി. ഈ ക്രിസ്മസ് അവധിക്കാലത്ത് മോഹൻലാലിന്റെ നേര് തിയറ്ററുകളിൽ മികച്ച നേട്ടം കൊയ്യുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ നൽകുന്നു സൂചന. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.