ക്രിസ്മസ് റിലീസ് ആയി എത്തി തിയറ്ററുകൾ കീഴടക്കി 2023 ലെ അവസാനത്തെ സൂപ്പർഹിറ്റ് ആയി മാറിയ ചിത്രമാണ് നേര്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഡിസംബർ 21ന് ആയിരുന്നു തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യഷോ മുതൽ മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രം 2023ലെ ഏറ്റവും അവസാനത്തെ ഹിറ്റ് ചിത്രവുമായി. ആദ്യ 50 കോടി ക്ലബിലും പിന്നെ 80 കോടി ക്ലബിലും ഇടം പിടിച്ച ചിത്രം ഇപ്പോൾ 100 കോടി സ്വന്തമാക്കിയിരിക്കുകയാണ്. സംവിധായകൻ ജീത്തു ജോസഫ് തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
പുലിമുരുകൻ, ലൂസിഫർ, ഒടിയൻ എന്നീ മോഹൻലാൽ ചിത്രങ്ങളും 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. ഡിസംബർ 21ന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന്റെ ആഗോള തലത്തിലുള്ള കളക്ഷനാണ് 100 കോടി. തിയറ്റർ മേഖലയ്ക്ക് വലിയ ഉണർവ് സമ്മാനിച്ച ചിത്രം 2023ലെ അവസാന മലയാളം ഹിറ്റ് എന്ന പദവിയും സ്വന്തമാക്കി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരുന്നു ചിത്രം നിർമിച്ചത്.
കോർട്ട് റൂം ഡ്രാമയായി എത്തിയ ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷക കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്.