ക്രിസ്മസ് റിലീസ് ആയി പ്രേക്ഷകഹൃദയങ്ങളെ കീഴടക്കി തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ് മോഹൻലാൽ ചിത്രമായ ‘നേര്’. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ആദ്യദിവസത്തെ ആദ്യഷോ കഴിഞ്ഞപ്പോൾ മുതൽ തന്നെ മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. നേരത്തെ അമ്പതു കോടി ക്ലബിൽ ഇടം കണ്ടെത്തിയ ചിത്രം ഇപ്പോൾ പുതിയ റെക്കോർഡും സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രം റിലീസ് ചെയ്ത് 18 ദിവസം കഴിഞ്ഞപ്പോൾ ആഗോള ബോക്സ് ഓഫീസിൽ 80 കോടി സ്വന്തമാക്കിയിരിക്കുകയാണ് ‘നേര്’.
കഴിഞ്ഞവർഷത്തെ റിലീസുകളിൽ ഇതിനകം തന്നെ നേര് കളക്ഷനിൽ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. നേരിന് മുന്നിൽ നിലവിലുള്ളത് 2018, ആർ ഡി എക്സ് എന്നീ ചിത്രങ്ങളാണ്. 2023ലെ അവസാന മലയാളം ഹിറ്റ് എന്ന് ടാഗോടു കൂടിയാണ് ജീത്തു ജോസഫ് – മോഹൻലാൽ ചിത്രം തിയറ്ററുകൾ കീഴടക്കിയത്.
ഡിസംബർ 21ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. കോർട്ട് റൂം ഡ്രാമയായി എത്തിയ ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷക കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്.