നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അഭിഭാഷക വേഷത്തിൽ എത്തിയ ചിത്രമായിരുന്നു നേര്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. റിലീസ് ദിവസത്തിലെ ആദ്യ ഷോ കഴിഞ്ഞപ്പോൾ തുടങ്ങിയ കുതിപ്പ് നേര് തുടരുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട നടന്റെ ശക്തമായ തിരിച്ചുവരവ് ആഘോഷമാക്കുകയാണ് മോഹൻലാൽ ആരാധകർ. ഇപ്പോഴിതാ ചിത്രത്തിലെ തീം സോംഗ് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
സംഗീത സംവിധായകൻ വിഷ്ണു ശ്യം ഒരുക്കിയ തീം സോംഗ് ആണ് ആശിർവാദ് സിനിമാസിന്റെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത്. പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് തീം സോംഗ് സ്വീകരിച്ചത്. ‘പടം ഇന്നലെ കണ്ടു. ഇത്രയും ക്ലാസ് ആയ ഒരു പടം ഈ അടുത്തകാലത്ത് ഞാൻ കണ്ടിട്ടില്ല. ക്ലൈമാക്സിൽ ലാലേട്ടന്റെ കണ്ണിൽ നിന്നും വന്ന ഒരു തുള്ളി കണ്ണീർ വീണത് എന്റെ ഹൃദയത്തിലാണ്’, ‘ഈ ബി ജി എം ഇന്റർനാഷണൽ ലെവൽ ആണ്’, ഈ ബി ജിഎം പടത്തിന്റെ ഹൃദയം ഇങ്ങനെ പോകുന്നു കമന്റുകൾ.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ നേര് സിനിമ ഡിസംബർ 21ന് ആയിരുന്നു തിയറ്ററുകളിൽ എത്തിയത്. ആദ്യ ഷോ കഴിഞ്ഞിറങ്ങിയവർ ഗംഭീര അഭിപ്രായം നൽകിയതോടെ ചിത്രം ഹിറ്റ് ചാർട്ടിലെത്തി. ഈ ക്രിസ്മസ് അവധിക്കാലം മോഹൻലാലിന്റെ നേര് തിയറ്ററുകൾ കൊണ്ടുപോകും. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.