തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ പക്വതയാർന്ന വീട്ടമ്മയെയല്ല ചോലയിലെ നിമിഷ അവതരിപ്പിച്ച കൗമാരക്കാരിയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമാണ് ഒരു കുപ്രസിദ്ധ പയ്യനിലെ വക്കീൽ വേഷം. അർഹതക്കുള്ള അംഗീകാരം തന്നെ തേടി വന്നപ്പോഴും അതിന്റെ ആഘോഷങ്ങളിൽ മതി മറക്കാതെ ഒരു കൊച്ചുക്കുട്ടിയെ പോലെ അവാർഡിന്റെ മധുരം നുകരുകയാണ് നിമിഷ സജയൻ. വേറിട്ട കഥാപാത്രങ്ങൾക്ക് വെള്ളിത്തിരയിൽ ജീവൻ പകരുമ്പോഴും ഒരു കൊച്ചുകുട്ടിയെ പോലെ ആഘോഷിച്ചു നടക്കുന്ന ഒരു വ്യക്തിയാണ് നിമിഷയെന്ന് നടിയുടെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലെ ഓരോ ഫോട്ടോസും വീഡിയോകളും തെളിയിക്കുന്നു.
അടുത്ത വീട്ടിലെ പെൺകുട്ടി എന്നൊരു ഇമേജ് സ്വന്തമായുള്ള നിമിഷ അഭിനയരംഗത്തേക്ക് കടന്നു വരുന്നത് ദിലീഷ് പോത്തൻ ഒരുക്കിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ ശ്രീജയെന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് ഈട, മംഗല്യം തന്തു നാനേന, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. സംസ്ഥാന അവാർഡിന് അർഹയാക്കിയ ചിത്രങ്ങളിൽ ഒന്നായ ചോലയാണ് അടുത്തതായി തീയറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രം. തായ്ക്വോണ്ടോയിൽ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയ നിമിഷ ജനിച്ചതും വളർന്നതുമെല്ലാം മഹാരാഷ്ട്രയിലാണ്. തായ്ക്വോണ്ടോയിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് ദേശീയ തലത്തിലും നിമിഷ മത്സരിച്ചിട്ടുണ്ട്.