പൃഥ്വിരാജിനെ നായകനാക്കി ജെനുസ് മുഹമ്മദ് സംവിധാനം നിർവഹിച്ച നയൻ വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാള സിനിമയിൽ തന്നെ ഇന്നേ വരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു പ്രമേയവുമായി എത്തിയ ചിത്രം പ്രേക്ഷകർക്ക് വേറിട്ടൊരു അനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്. ഹൊറര്‍, സൈക്കളോജിക്കല്‍, ത്രില്ലര്‍, സയന്‍സ് ഫിക്ഷന്‍ എന്നിങ്ങനെ പല മേഖലകളിലും ശ്രദ്ധയൂന്നിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യനിർമാണ സംരംഭം കൂടിയായിരുന്നു നയൻ. സോണി പിക്ച്ചേർസുമായി കൈകോർത്തായിരുന്നു ചിത്രം നിർമിച്ചിരിക്കുന്നത്. 8 കോടിയാണ് ചിത്രത്തിന്റെ മുതൽമുടക്ക്. സാറ്റലൈറ്റ്, ഡിജിറ്റൽ, ഓവർസീസ് അവകാശങ്ങളിലൂടെ 9 കോടിയോളം സ്വന്തമാക്കിയ നയൻ ഇപ്പോൾ മുതൽ മുടക്ക് മുഴുവൻ തിരിച്ചു പിടിച്ചിരിക്കുകയാണ്. തീയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രത്തിൽ നിന്നുമുള്ള വരുമാനം അപ്പോൾ പൂർണമായും ലാഭമാണ്.
പരീക്ഷണ ചിത്രങ്ങൾ ഇഷ്ടപെടുന്ന പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവം നല്‍കുകയാണ് 9 എന്ന് സംശയമില്ലാതെ പറയാം. ഒരു അച്ഛന് മകന് ബന്ധം ഹൊറര്‍, സൈക്കോളജിക്കല്‍ ത്രില്ലര്‍ ഇതിനുപുറമെ മലയാള സിനിമ ഇതുവരെ കാണാത്ത സയന്‍സ് ഫിക്ഷന്‍ എന്ന തലവും ‘9’ സിനിമയിലുണ്ട്. വി എഫ് എക്സിന്റെ മികവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.അന്താരാഷ്ട്ര നിലവാരത്തിലുള്ള മേക്കിങ് തന്നെയാണ് ചിത്രത്തിന് വേണ്ടി സംവിധായകൻ ജെനൂസ് ഒരുക്കിയത്.ഇതൊരു മലയാള സിനിമ ആണോയെന്ന് പലപ്പോഴായി തോന്നിക്കുന്ന ചിത്രം സാങ്കേതിക തികവിന്റെയും മികച്ച പ്രകടനത്തിന്റെയും ഒരു സമ്മിശ്രം കൂടിയാണ്. ഏതൊരു മലയാളിയും കൈയടിപ്പിച്ചു വിജയിപ്പിക്കേണ്ട പരീക്ഷണം തന്നെയാണ് നയനിന്റേത്.