ആടുജീവിതം എന്ന ചിത്രത്തിന് ഒരുക്കമായി പൃഥ്വിരാജ് തന്റെ ഭാരം കുറച്ചത് ഒക്കെ സോഷ്യൽ മീഡിയയിൽ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. അതിന് പിന്നാലെ ചിത്രത്തിന് വേണ്ടി തന്റെ സർവസ്വവും നൽകുന്നുവെന്നും അതിനായി കുറച്ചു നാളത്തേക്ക് രാജ്യം വിടുകയുമാണെന്ന് അറിയിച്ച് പൃഥ്വി പങ്കുവച്ച കുറിപ്പും ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ചിത്രത്തിന് വേണ്ടി ഭാരം കുറയ്ക്കുന്ന പ്രിത്വിരാജിനെയും പ്രിത്വിയുടെ അമ്മ മല്ലികയേയും കുറിച്ചും കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് നിഷ കൊട്ടാരത്തിൽ. സമീര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന് ആനന്ദ് റോഷന്റെ അമ്മയാണ് നിഷ.
നിഷ കൊട്ടാരത്തിലിന്റെ കുറിപ്പ് വായിക്കാം:
ആട്ജീവിതത്തിനു വേണ്ടി പൃഥിരാജ് എടുക്കുന്ന കഷ്ടപ്പാടുകളോര്‍ത്ത് ദൈവത്തെ വിളിച്ച ഒരമ്മയുടെ വേദന മറ്റൊരമ്മയ്ക്ക് മനസ്സിലാകും മല്ലിക ചേച്ചി. ചേച്ചി പറഞ്ഞ പോലെ രാജുവിന് ദൈവം തുണയുണ്ട്. കൂടാതെ സിനിമയെ സ്നേഹിക്കുന്ന ലോകത്തെ മലയാളികള്‍ മുഴവന്‍ ചേച്ചിയുടെ മകനു വേണ്ടി പ്രാര്‍ഥിക്കാനുണ്ട്. കൂടെ ഞങ്ങളും
ഈ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. ചേച്ചിയെ പോലെ ഒരു സിനിമാ പാരമ്പര്യമുള്ള കുടുംബമല്ല എന്റേത്. അതുകൊണ്ടുതന്നെ ‘സമീര്‍’ എന്ന സിനിമക്കു വേണ്ടി എന്റെ മകന് (ആനന്ദ് റോഷന്) നടത്തിയ തയാറെടുപ്പുകാലത്തെ കഷ്ടപ്പാടുകള്‍ കുറച്ചൊന്നുമല്ല എന്നെ വേദനിപ്പിച്ചത്.
ഇരുപത്തഞ്ചു കിലോ ഭാരം കുറക്കുന്ന അവസ്ഥ നേരിട്ടു കാണേണ്ടി വന്ന ഒരമ്മയുടെ വേദന….വളരെ ചെറിയ അളവില്‍ മാത്രം ഭക്ഷണം. ആദ്യം പറഞ്ഞത് ആറു മാസം എന്നായിരുന്നു. ദുബായ് ഷൂട്ടിങ്ങ് പെര്മിഷന് രണ്ടു മാസം കൂടി നീണ്ടു പോയപ്പോള്‍ തടി കുറവ് നിലനിര്‍ത്താനുള്ള കഷ്ടപ്പാട്. അവസാന രണ്ടാഴ്ചക്കാലം പലപ്പോഴും തല കറങ്ങി കിടക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്, നെഞ്ചു പൊട്ടിക്കരഞ്ഞിട്ടുണ്ട്. പ്രായമായ അച്ഛച്ചന്റെ വിഷമം വേറെ. സിനിമാ ഭ്രാന്തരായ അച്ഛനും അവന്റെ അനിയനുമുണ്ടൊ വല്ലകൂസലും. ഒറ്റക്കായിരുന്നു ചേച്ചി അനുഭവിച്ചതു മുഴുവന്‍. ഷൂട്ടിങ്ങ് മുഴുവന്‍ തീര്‍ന്ന് ശരീരം വീണ്ടെടുത്തപ്പോള്‍ മാത്രമാണ് ശ്വാസം നേരെ വീണത്. ശരിയാവും ചേച്ചി. ഒക്കെ നന്നായി വരും.