ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നായകനായി എത്തുന്ന സിനിമ ‘കാവൽ’ തിയറ്ററുകളിലേക്ക് എത്തുകയാണ്. സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയെ നായകനാക്കി ആയിരുന്നു നിഥിൻ രൺജി പണിക്കരുടെ ആദ്യചിത്രം. രണ്ടാമത്തെ ചിത്രത്തിൽ സുരേഷ് ഗോപി നായകനായി എത്തുമ്പോൾ അത് തനിക്കൊരു വെല്ലുവിളി അല്ലെന്നും പ്രിവിലേജ് ആണെന്നും വ്യക്തമാക്കുകയാണ് നിഥിൻ രൺജി പണിക്കർ. മമ്മൂക്കയെയും സുരേഷ് അങ്കിളിനെയും വെച്ച് സിനിമ ചെയ്യുന്നത് വെല്ലുവിളി എന്നതിന് അപ്പുറത്തേക്ക് അതൊരു പ്രിവിലേജ് ആണ്. സിനിമ മനസിൽ സ്വപ്നമായി നടന്നു കൊണ്ടിരുന്ന കാലത്ത് പോലും ആദ്യത്തെ സിനിമ മമ്മൂക്കയെ വെച്ച് ചെയ്യാൻ കഴിയുമെന്നോ രണ്ടാമത്തെ സിനിമ സുരേഷ് അങ്കിളിനെ വെച്ച് ചെയ്യാൻ കഴിയുമെന്നോ കരുതിയിരുന്നില്ലെന്നും നിഥിൻ രൺജി പണിക്കർ പറഞ്ഞു. ‘സിനിമ ഡാഡി’യോട് സംസാരിക്കവെയാണ് നിഥിൻ രൺജി പണിക്കർ മനസു തുറന്നത്.
തന്നെപ്പോലെ ഒരു തുടക്കക്കാരന് ഇവരിൽ നിന്ന് പഠിക്കാൻ ഒരുപാടുണ്ട്. അതുകൊണ്ട് തുടക്കത്തിൽ തന്നെ ഇവരിൽ നിന്ന് കുറച്ചൊക്കെ പഠിക്കാം എന്നതാണ് തീരുമാനമെന്നും നിഥിൻ രൺജി പണിക്കർ പറഞ്ഞു. ലേലം ഇഷ്ടപ്പെട്ടവർക്ക് കാവൽ ഇഷ്ടപ്പെടുമെന്നും നിഥിൻ വ്യക്തമാക്കി. ഇത് സുരേഷ് ഗോപിയെ മനസിൽ കണ്ട് എഴുതിയ സ്ക്രിപ്റ്റ് ആയിരുന്നോയെന്ന ചോദ്യത്തിന് സുരേഷ് ഗോപിയെ വെച്ചൊരു സിനിമ ചെയ്യണമെന്ന് ആദ്യം തീരുമാനിക്കുകയായിരുന്നെന്ന് നിഥിൻ പറഞ്ഞു. അതിനു ശേഷം, അതിനു വേണ്ടി ഒരു സിനിമ ഉണ്ടാക്കിയതാണ് കാവൽ എന്നും നിഥിൻ രൺജി പണിക്കർ വ്യക്തമാക്കി. സിനിമ കണ്ടു കഴിയുമ്പോഴും ഈ ടൈറ്റിൽ ഈ പടത്തിന് ഏറ്റവും അനുയോജ്യമാണെന്ന് ഫീൽ ചെയ്യുമെന്നും നിഥിൻ വ്യക്തമാക്കി.
സുരേഷ് ഗോപിക്ക് വേണ്ടി എഴുതിയ സിനിമ ആണെങ്കിൽ കൂടി സിനിമയ്ക്ക് ഡിമാൻഡ് ചെയ്യുന്നത് മാത്രമേ എഴുതിയിട്ടുള്ളൂ. അച്ഛൻ എഴുതുന്നത് പോലെ എഴുതാനുള്ള വൈഭവം തനിക്കില്ലെന്ന് പറഞ്ഞ നിഥിൻ അച്ഛൻ ഒരു നടനാകുമെന്ന് താൻ ഒരിക്കലും വിചാരിച്ചിട്ടില്ലെന്നും പറഞ്ഞു. സുരേഷ് ഗോപി ഫുൾ നൈറ്റ് ഒക്കെ നിന്ന് ഫൈറ്റുകൾ കുറേ എടുത്തിട്ടുണ്ടെന്നും നിഥിൻ പറഞ്ഞു. ലേലം ടുവിനെക്കുറിച്ച് ചോദിച്ചപ്പോൾ സ്ക്രിപ്റ്റ് അച്ഛൻ ആണ് എഴുതുന്നതെന്നും അച്ഛൻ അഭിനയത്തിൽ കേറി ബിസി ആയി പോയതു കൊണ്ട് ഇപ്പോൾ ഇക്കാര്യത്തിൽ കൂടുതലൊന്നും പറയാനില്ലെന്നും നിഥിൻ പറഞ്ഞു.
ചിത്രം ‘കാവൽ’ നവംബർ 25ന് റിലീസ് ചെയ്യും. കേരളത്തിൽ മാത്രം 220 സ്ക്രീനുകളില്‍ ആണ് ‘കാവൽ’ പ്രദര്‍ശനത്തിനെത്തുക. നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം. രണ്‍ജി പണിക്കരും ഒരു പ്രധാന കഥാപാത്രത്തെ ഈ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണന്, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന് രാജന് പി. ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന് അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന് രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി. പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ് പടിയൂര്‍. കലാസംവിധാനം ദിലീപ് നാഥ്. മേക്കപ്പ് പ്രദീപ് രംഗന്. വസ്ത്രാലങ്കാരം നിസ്സാര്‍ റഹ്മത്ത്. സ്റ്റില്‍സ് മോഹന്‍ സുരഭി. പരസ്യകല ഓള്‍ഡ് മങ്ക്സ്. ഓഡിയോഗ്രഫി രാജാകൃഷ്ണന്. സൗണ്ട് ഡിസൈന്‍ അരുണ്‍ എസ് മണി. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് സനല്‍ വി ദേവന്, സ്യമന്തക് പ്രദീപ്. ആക്ഷന്‍ സുപ്രീം സുന്ദര്‍, മാഫിയ ശശി, റണ്‍ രവി. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.