വലിയൊരു ഇടവേളക്ക് ശേഷം നിവിൻ പോളി നായകനാകുന്ന ഒരു പക്കാ എന്റർടൈനറാണ് ലൗ ആക്ഷൻ ഡ്രാമ. കായംകുളം കൊച്ചുണ്ണി, മിഖായേൽ, മൂത്തോൻ തുടങ്ങിയ മാസ്സ് ചിത്രങ്ങൾക്ക് ശേഷം തന്റെ തട്ടകത്തിലേക്ക് നിവിൻ പോളി തിരികെയെത്തുന്ന ചിത്രം കൂടിയാണ് ലൗ ആക്ഷൻ ഡ്രാമ. ധ്യാൻ ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിലൂടെ അജു വർഗീസ് നിർമാതാവും ആകുന്നുവെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവിനും ചിത്രം സാക്ഷ്യം വഹിക്കുന്നു. ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് നിവിൻ പോളി.
ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്ന എന്റെ പ്രിയ സുഹൃത്തുക്കൾക്ക് ഒപ്പം വീണ്ടുമൊരു ഒത്തുചേരൽ കൂടിയാണീ ചിത്രം. എനിക്കും അജുവിനും ഇടയിൽ ഒരു കെമിസ്ട്രി ഉള്ളത് കൊണ്ട് ഷൂട്ടിംഗ് രസകരമായിരുന്നു. ഇത് ഞങ്ങളുടെ സ്വന്തമിടമായതിനാൽ വലിയ ഒരുക്കങ്ങൾ ഒന്നും വേണ്ടി വന്നില്ല. ധ്യാൻ ഒരുക്കിയ സ്ക്രിപ്റ്റിലും ചിരിക്കാൻ ഏറെയുണ്ട്.
ലാലേട്ടനും പ്രണവ് മോഹൻലാലും ചേർന്ന് പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറിനെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. 2 മില്യണിലേറെ കാഴ്ച്ചക്കാരുമായി ടീസർ യൂട്യൂബിൽ ട്രെൻഡിങ്ങായി മുന്നേറുകയാണ്.