സിനിമ പാരമ്പര്യം ഇല്ലാതിരുന്നിട്ട് പോലും സ്വപ്രയത്നം കൊണ്ട് ഇന്ന് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടുവാനായ നടനാണ് നിവിൻ പോളി. വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്ട്സ് ക്ലബിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന നിവിൻ പോളി ഒട്ടേറെ മറ്റു ചിത്രങ്ങളിലും അഭിനയിച്ച് തന്റെ കഴിവ് പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ച് അത്ഭുതപ്പെടുത്തുകയാണ്. ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോനിലെ പ്രകടനത്തെ നിരൂപകരും പ്രേക്ഷകരും അത്ഭുതയോടെയാണ് നോക്കിക്കണ്ടത്. ഇപ്പോൾ ആദ്യ ചിത്രമായ മലർവാടിക്ക് വേണ്ടി നടന്ന ഓഡിഷനെ കുറിച്ചുള്ള ഓർമ്മ പങ്ക് വെച്ചിരിക്കുകയാണ് നിവിൻ പോളി.
മലർവാടിയുടെ ഓഡിഷനു ഷോർട് ലിസ്റ്റ് ചെയ്തവരിൽ ആദ്യം ഞാനുണ്ടായിരുന്നില്ല. ആ സമയത്ത് വിനീതിന്റെ ബ്ലോഗ് കൃത്യമായി വായിക്കാറുണ്ടായിരുന്നു. ഒരിക്കൽ വിനീത് എഴുതി: മനസ്സിൽക്കണ്ട നാലുപേരിൽ ഒരാളെയാണ് ഇനി കിട്ടാനുള്ളത്. അതിൽ ക്യാരക്ടറിന്റെ ഒരു ചെറിയ സ്കെച്ച് ഉണ്ടായിരുന്നു. അപ്പോൾത്തന്നെ ബാക്കിയുണ്ടായിരുന്ന രണ്ടു ഫോട്ടോയും ഞാനയച്ചു. അന്ന് വീണു കാലൊടിഞ്ഞിരിക്കുകയായിരുന്നു. എങ്കിലും മനസ്സു പറഞ്ഞു, എങ്ങനെയെങ്കിലും ഓഡിഷനു പോകണം. സുഹൃത്ത് മജുവും കസിൻ ധീരജും കൂടിയാണ് എന്നെ കൊണ്ടുപോകുന്നത്. മൂന്നാം നിലയിലെ ഓഡിഷൻ ഹാളിലേക്ക് അവരെന്നെ എടുത്തുകൊണ്ടുപോവുകയായിരുന്നു. അങ്ങനെയാണു വിനീത് എന്നെ ആദ്യം കാണുന്നത്. പ്ലാസ്റ്ററിട്ട കാലുകളുമായി ഒരു സിനിമാമോഹി അന്തരീക്ഷത്തിലൂടെ വരുന്നു.