2019 നിവിൻ പോളിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ട ഒന്നായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പ്രേക്ഷകർ കാണാൻ കൊതിക്കുന്ന നിവിൻ പോളിയെ സ്ക്രീനിൽ കണ്ട ഇതേ വർഷം തന്നെയാണ് ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രവുമായി കരിയർ ബെസ്റ്റ് പ്രകടനവും നിവിൻ കാഴ്ച്ച വെച്ചത്. നിവിൻ പോളിയുടെ കരിയർ ഗ്രാഫിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു വർഷം തന്നെയാണ് 2019.
മിഖായേൽ
ഈ വർഷം നിവിൻ പോളിയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് മിഖായേൽ. ഹിറ്റ് മേക്കർ ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണി മുകുന്ദനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഈ വർഷം ആദ്യം റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഹനീഫ് അദേനിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ മിഖായേൽ കൂടപ്പിറപ്പിനോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും കഥ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന രീതിയിൽ പറയുകയാണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്. ജോൺ മിഖായേൽ എന്ന കഥാപാത്രത്തെയാണ് ത്രില്ലർ ഗണത്തിൽ പെടുന്ന മിഖായേലിൽ നിവിൻ പോളി അവതരിപ്പിച്ചിരിക്കുന്നത്. മഞ്ജിമ മോഹൻ നായികയായ ചിത്രത്തിൽ സിദ്ധിഖ്, സുദേവ് നായർ, ബാബു ആന്റണി, സുരാജ് വെഞ്ഞാറമൂട്, രഞ്ജി പണിക്കർ, കെ പി എ സി ലളിത തുടങ്ങിയവരും അണിനിരന്നിട്ടുണ്ട്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വിഷ്ണു പണിക്കർ ക്യാമറ കൈകാര്യം ചെയ്യുന്നു. മിഖായേലിന്റെ ഹിന്ദി ഡബ്ബ് വേർഷൻ 15 മില്യണിലേറെ വ്യൂസ് നേടി യൂട്യൂബിൽ സൂപ്പർഹിറ്റാണ്.
ലൗ ആക്ഷൻ ഡ്രാമ
ഓണം റിലീസായി തീയറ്ററുകളിൽ എത്തിയ ലൗ ആക്ഷൻ ഡ്രാമയാണ് ഈ വർഷം നിവിൻ പോളിയുടേതായി തീയറ്ററുകളിൽ എത്തിയ രണ്ടാമത്തെ ചിത്രം. ഒട്ടേറെ പ്രത്യേകതകളുമായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകനായ ഈ ചിത്രത്തിലൂടെ തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര മലയാളത്തിലേക്ക് ശക്തമായൊരു തിരിച്ചു വരവും നടത്തി. ഒരു ഇടവേളക്ക് ശേഷം നിവിൻ പോളിയെ പ്രേക്ഷകർ കാണാൻ കൊതിക്കുന്ന റൊമാന്റിക് ഹീറോയായി ചിത്രത്തിൽ കാണുവാൻ സാധിച്ചു. അതോടൊപ്പം തന്നെ ഏറെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്. നിവിൻ,നയൻതാര, അജു എന്നിവരെ കൂടാതെ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, മല്ലികാ സുകുമാരൻ, ജൂഡ് ആന്റണി, രഞ്ജി പണിക്കർ, ബിജു സോപാനം, ധന്യ ബാലകൃഷ്ണൻ, ഗായത്രി ഷാൻ, വിസ്മയ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. അജു വർഗീസ്, വിശാഖ് സുബ്രമണ്യം എന്നിവർ ചേർന്ന് ഫൺറ്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 2019ലെ ബോക്സോഫീസ് വിജയങ്ങളിൽ മുൻനിരയിൽ ഉള്ള ചിത്രം ഓണം വിന്നർ കൂടിയാണ്.
മൂത്തോൻ
ഗീതു മോഹന്ദാസ് തിരക്കഥയും സംവിധാനവും നിർവഹിച്ച മൂത്തോനാണ് നിവിൻ പോളിക്ക് 2019 ഏറെ പ്രിയപ്പെട്ട വർഷങ്ങളിൽ ഒന്നാക്കുവാൻ പ്രധാന കാരണം. മൂത്തോനിലെ ഭായിയിലൂടെ തന്റെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ് നിവിൻ പോളി പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രവും പ്രമേയവും കൂടിയാണ് ചിത്രത്തിൽ ഉള്ളത്. സ്വവർഗ ലൈംഗികതയെ പരിഹസിക്കാതെ അതിന്റെ ഭംഗിയിൽ തന്നെ അവതരിപ്പിച്ചു എന്നതാണ് എടുത്തു പറയേണ്ട കാര്യം. നിരൂപകർ എല്ലാം തന്നെ പോസിറ്റീവ് റിപ്പോർട്ടുകൾ നൽകിയ ചിത്രത്തിന്റെ പ്രീമിയർ ഷോ നടന്നത് സെപ്റ്റംബറിൽ ടോറോന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ്. അവിടെ ഏവരും പ്രശംസിച്ച ചിത്രം ഒക്ടോബർ 18ന് മുംബൈ മാമി ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചു. നവംബർ എട്ടിനാണ് പ്രേക്ഷകർക്കായി തീയറ്ററുകളിൽ ചിത്രമെത്തിയത്. മൂത്തോനിലെ പ്രകടനത്തിന് ബിഹൈന്ഡ് വുഡ്സിന്റെ മികച്ച നടനുള്ള പുരസ്കാരവും നിവിൻ പോളിയെ തേടിയെത്തി. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും സങ്കീർണമായ കഥാപാത്രത്തെ അതിന്റെ ഏറ്റവും മികച്ച ഭാവപ്രകടനത്തോടെയും കൈയടക്കത്തോടെയും തിരശീലയിൽ അവതരിപ്പിച്ചതിനാണ് അവാർഡ്. ഇനിയുമേറെ പുരസ്കാരങ്ങൾ നിവിനെ തേടിയെത്താൻ മൂത്തോൻ ഒരു കാരണമാകും എന്നുറപ്പാണ്.
2020ലും കൈ നിറയെ മികച്ച ചിത്രങ്ങളാണ് നിവിൻ പോളിയെ കാത്തിരിക്കുന്നത്. അന്നയും റസൂലും, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം നിർവഹിച്ച ദേശീയ അവാർഡ് ജേതാവ് കൂടിയായ ഛായാഗ്രാഹകൻ രാജീവ് രവി ഒരുക്കുന്ന തുറമുഖം, സൂപ്പർഹിറ്റ് സംവിധായകൻ വൈശാഖ് – ഉദയ്കൃഷ്ണ ടീമിന്റെ ഗൗരി, സണ്ണി വെയ്ൻ നിർമാതാവാകുന്ന ലിജു കൃഷ്ണ ചിത്രം പടവെട്ട് തുടങ്ങി നിരവധി ചിത്രങ്ങൾ നിവിന്റേതായി 2020ൽ ഒരുങ്ങുന്നുണ്ട്.