പ്രേക്ഷകർ പ്രതീക്ഷിച്ച ഒരു വിരുന്ന് സമ്മാനിച്ച് തീയറ്ററുകളെ ജനസാഗരമാക്കി നിവിൻ പോളി – റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ കായംകുളം കൊച്ചുണ്ണി വൻ വിജയം കുറിച്ച് മുന്നേറുകയാണ്. മലയാളസിനിമയിലെയും നിവിൻ പോളിയുടെ കരിയറിലെയും ഏറ്റവും ചിലവേറിയ ഈ ചിത്രം സ്വപ്നതുല്യമായ വിജയം നേടി മുന്നേറുമ്പോൾ അതിൽ നിവിൻ പോളി എന്ന നടന്റെ അധ്വാനത്തിന്റെയും ഒരു ഫലം നമുക്ക് കാണാൻ സാധിക്കും. മണിരത്നം ചിത്രത്തിന്റെ ഓഫർ പോലും നിരസിച്ച് ഈ ചിത്രം അദ്ദേഹം കമ്മിറ്റ് ചെയ്തിട്ടുള്ളത്. കഥാപാത്രത്തിന്റെ പൂർണതക്കായി അഹോരാത്രം യത്നിച്ച നിവിന് സാഹസികമായ പല കാര്യങ്ങളും പരിശീലിക്കേണ്ടതായും ചെയ്യേണ്ടതായും വന്നു.
![Nivin Pauly's Hard Work Results in the Huge Success of Kayamkulam Kochunni](https://i0.wp.com/cinemadaddy.com/wp-content/uploads/2018/10/Nivin-Paulys-Hard-Work-Results-in-the-Huge-Success-of-Kayamkulam-Kochunni-1.jpg?resize=788%2C599&ssl=1)
നിവിൻ പോളിയുടെ കരിയറിൽ ആദ്യമായിട്ടാണ് ഇത്ര വലിയ ബഡ്ജറ്റിലും ഇത്ര സാഹസികമായും ഒരു ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനായി കുതിര സവാരിയും കളരിപയറ്റും അഭ്യസിച്ച നിവിന് ചിത്രീകരണത്തിനിടയിൽ അപകടകരമായ പല സാഹചര്യങ്ങളിൽ കൂടിയും കടന്ന് പോകേണ്ടിയും വന്നിട്ടുണ്ട്. അതോടൊപ്പം തന്നെ വ്യത്യസ്തമായ പല ഗെറ്റപ്പുകളും ചിത്രത്തിനായി കൈക്കൊള്ളേണ്ടിയും വന്നു. മറ്റു പല ചിത്രങ്ങളും ഒഴിവാക്കി ഇത്തരമൊരു ബ്രഹ്മാണ്ഡ ചിത്രത്തിന് വേണ്ടി പൂർണമായും സമയവും കഴിവും ചിലവിട്ട നിവിൻ പോളി എന്ന നടന്റെ കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണ് കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ പകരം വെക്കാനില്ലാത്ത വിജയം.
![Nivin Pauly's Hard Work Results in the Huge Success of Kayamkulam Kochunni](https://i0.wp.com/cinemadaddy.com/wp-content/uploads/2018/10/Nivin-Paulys-Hard-Work-Results-in-the-Huge-Success-of-Kayamkulam-Kochunni-2.jpg?resize=788%2C443&ssl=1)
ഫസ്റ്റ് ഡേ കളക്ഷനിൽ കേരളത്തിൽ നിന്ന് മാത്രം 5.30 കോടി നേടി റെക്കോർഡ് ഇട്ട ചിത്രത്തിന്റെ വേൾഡ്വൈഡ് കളക്ഷൻ 9.54 കോടിയാണ്. മലയാളസിനിമയിലും ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് അനന്ത സാദ്ധ്യതകൾ ഉണ്ടെന്നാണ് ഈ വിജയം ഉറപ്പ് തരുന്നത്. നിവിൻ പോളിയിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിച്ചൊരു പ്രകടനവും ലാലേട്ടന്റെ സാന്നിദ്ധ്യവും റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്റെ മികവും ബോബി – സഞ്ജയ് ടീമിന്റെ തിരക്കഥയും ഗോപി സുന്ദറിന്റെ സംഗീതവും അഭിനേതാക്കളുടെ മനോഹരമായ പ്രകടനവുമെല്ലാം ചേരുമ്പോൾ കായംകുളം കൊച്ചുണ്ണി എന്ന ചിത്രം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമെന്നത് തീർച്ചയാണ്.