പതിനാലു വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പർവം. മാർച്ച് മൂന്നിന് ചിത്രം റിലീസ് ചെയ്യും. അതേസമയം, ഭീഷ്മപർവത്തിന് ഫാൻസ് ഷോ ഇല്ലെന്ന് വ്യക്തമാക്കി മമ്മൂട്ടി രംഗത്തെത്തി. ഭീഷ്മ പർവം സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടത്തിയ പ്രസ് മീറ്റിൽ സംസാരിക്കവെയാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്. എല്ലാ സിനിമയും സിനിമാസ്വാദകരുടെ സിനിമയാണെന്ന് മമ്മൂട്ടി പറഞ്ഞു. ടിക്കറ്റ് എടുത്ത് കയറുന്നവരിൽ ഫാൻസ് ആയവരും അല്ലാത്തവരും ഉണ്ടാകുമെന്നും മമ്മൂട്ടി വ്യക്തമാക്കി.
തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് ഫാൻസ് ഷോ നിർത്താൻ തീരുമാനിച്ചിരുന്നു. ഫിയോക്കിന്റെ ഈ തീരുമാനത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചേദിച്ചപ്പോഴാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്. ‘എല്ലാ സിനിമയും സിനിമാസ്വാദകരുടെ സിനിമയാണ്. സിനിമയ്ക്ക് ഇന്നയാളെ കേറ്റും ഇന്നയാളെ കേറ്റില്ല എന്ന് അവർ പറയയാൻ സാധ്യതയില്ല. എല്ലാവർക്കും ടിക്കറ്റ് കൊടുത്ത് കേറ്റും. അതിൽ ഫാൻസ് ഉണ്ടാവാം, ഫാൻസ് അല്ലാത്തവരും കാണും.’ – മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടിയുടെ സിനിമയ്ക്ക് തലേദിവസം രാത്രി ഷോ വെച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അങ്ങനെയൊന്ന് ഇല്ലെന്നും ഈ സിനിമയ്ക്ക് ഫാൻസ് ഷോ ഇല്ലെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ഫാൻസ് ഷോ നടത്തുന്നതിൽ എതിർപ്പുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഫാൻസിനോട് ഷോ കാണരുതെന്ന് പറയാൻ പറ്റില്ലല്ലോയെന്ന് ആയിരുന്നു മമ്മൂട്ടി മറുപടി നൽകിയത്. റിലീസ് സമയത്ത് സൂപ്പർതാര സിനിമകളുടെ ഫാന്‍സ് ഷോകള്‍ നിരോധിക്കാൻ ആയിരുന്നു ഫിയോക്ക് തീരുമാനം. സിനിമാ വ്യവസായത്തിന് ഫാൻസ് ഷോകൾ കൊണ്ട് യാതൊരു ഗുണവും ചെയ്യുന്നില്ലെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞിരുന്നു.