സീറോയുടെ പരാജയത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത് ഇനി കുറച്ച് സെലക്ടീവ് ആകാൻ തീരുമാനിച്ച താരമാണ് ഷാരൂഖ് ഖാൻ. സീറോയ്ക്ക് ശേഷം തെന്നിന്ത്യന്‍ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് താരത്തിന് താല്പര്യം. ഷാരൂഖ് ഖാനെ നായകനാക്കിയുളള ബോളിവുഡ് ചിത്രം ഉടനുണ്ടാകുമെന്ന് അദ്ദേഹത്തിന്റെ മുംബൈയിലെ വീട്ടിലെത്തി ചര്‍ച്ച നടത്തിയതിന് ശേഷം സംവിധായകന് ആഷിക്ക് അബു അടുത്തിടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ആഷിക്ക് അബുവിന് പിന്നാലെ ടേക്ക് ഓഫിലൂടെ ശ്രദ്ധേയനായ സംവിധായകന് മഹേഷ് നാരായണനെയും തന്റെ വീട്ടിലേക്ക് ഷാരൂഖ് ക്ഷണിച്ചിരിക്കുകയാണ്. ക്ഷണം സ്വീകരിച്ച അദ്ദേഹം ഫഹദ് ഫാസിലിനെ നായകനാക്കിയുളള മാലിക്കിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം മുംബൈയിലെത്താമെന്നാണ് ഷാരൂഖിനെ അറിയിച്ചിരിക്കുന്നത്.
നേരത്തെ തമിഴ് സംവിധായകരായ അറ്റ്ലീ, വെട്രിമാരന് തുടങ്ങിയവരും ഷാരൂഖുമായി ചര്‍ച്ച നടത്തിയതായും ഷാരൂഖിനെ നായകനാക്കിയുളള ബോളിവുഡ് ചിത്രമാണ് അറ്റ്ലീ അടുത്തതായി സംവിധാനം ചെയ്യാന്‍ പോവുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ സിനിമകളെക്കുറിച്ച് ഷാരൂഖിനെ ഭാഗത്തുനിന്നും ഇതുവരെ യാതൊരു പ്രതികരണങ്ങളും ഉണ്ടായിട്ടില്ല.