പാചകകലയിലെ കരവിരുതു കൊണ്ട് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു നൗഷാദ്. കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ബിഗ് ഷെഫ് എന്ന പരിപാടിയിലൂടെ നൗഷാദ് ഏറെ പ്രശസ്തനായി. കാറ്ററിങ് സര്‍വീസ് നടത്തിയിരുന്ന പിതാവില്‍ നിന്നും ആയിരുന്നു നൗഷാദിന് പാചകത്തോടുള്ള താല്പര്യം തുടങ്ങിയത്. പിന്നീട് ഹോട്ടല്‍ മാനേജ്മെന്റ് പൂര്‍ത്തിയാക്കിയശേഷം പാചക മേഖലയിലേക്ക് കടന്നു.
സിനിമ മേഖലയിലും സജീവമായിരുന്നു നൗഷാദ്. സുഹൃത്തായിരുന്ന ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രം നിര്‍മ്മിച്ചത് നൗഷാദാണ്. പിന്നീട് ചട്ടമ്പിനാട്, സ്പാനിഷ് മസാല എന്നീ സിനിമകളുടെയും നിര്‍മാതാവായി ഇദ്ദേഹം എത്തി. വളരെ സൗമ്യനും ശാന്തശീലനും ആയ പ്രകൃതമായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. രണ്ടാഴ്ച മുന്‍പാണ് നൗഷാദിന്റെ ഭാര്യ മരിച്ചത്. ആശുപത്രിയിലായിരുന്ന നൗഷാദിന് ഇത് വലിയ മാനസികാഘാതം നല്‍കുകയും ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഭാര്യ നൗഷാദിനെ വിട്ടുപിരിഞ്ഞത്. ഷീബ എന്നായിരുന്നു ഭാര്യയുടെ പേര്. നഷ്വ എന്ന ഒരു മകളുണ്ട് ഇവര്‍ക്ക്.
ഉമ്മ പോയതോടെ വാപ്പ എങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു 13കാരിയായ നഷ്വ. എന്നാല്‍ നൗഷാദും വിട്ടു പിരിഞ്ഞതോടെ ആ പ്രതീക്ഷയും നഷ്ടമായി. തിരുവല്ലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നൗഷാദിന്റെ കണ്ടീഷന്‍ ക്രിട്ടിക്കല്‍ ആണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.