വിപ്ലവകരമായ ഒരു മാറ്റമാണ് സൗദിയിൽ ഒരു തീയ്യറ്റർ തുടങ്ങി അവിടുത്തെ ഭരണാധികാരികൾ നടപ്പിലാക്കിയത്. മലയാളികൾ ഏറെയുള്ള സൗദിയിൽ ഈ വെള്ളിയാഴ്ച്ച റിലീസിന് എത്തുന്ന ഒടിയനും അവിസ്മരണീയമായ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ്. പ്രേക്ഷകരുടെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പുകൾക്കൊടുവിൽ ലോകമെമ്പാടും റിലീസിന് എത്തുന്ന ഡിസംബർ 14ന് തന്നെ ഒടിയൻ സൗദിയിലും റിലീസിന് എത്തും. റിലീസ് ദിനം തന്നെ സൗദിയിൽ പ്രദർശനത്തിനെത്തുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന ബഹുമതിയാണ് ഇതുവഴി ഒടിയൻ സ്വന്തമാക്കിയിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ശങ്കർ – രജനി ചിത്രം 2.0 പോലും റിലീസ് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് സൗദിയിൽ എത്തിയത്. വേൾഡ് വൈഡ് ഫിലിംസാണ് ഈ ബഹുമതി സ്വന്തമാക്കാൻ ഒടിയനെ സഹായിച്ചിരിക്കുന്നത്.
37 രാജ്യങ്ങളിലായി ഈ വെള്ളിയാഴ്ച്ച തീയറ്ററുകളിൽ എത്തുന്ന ഒടിയൻ മലയാളസിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുവാനുള്ള ഒരു ശ്രമമാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം ശ്രീകുമാർ മേനോനാണ്. മഞ്ജു വാര്യർ, പ്രകാശ് രാജ്, സിദ്ധിഖ് എന്നിങ്ങനെ മികച്ചൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. റിലീസിന് മുന്നേ തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രത്തിന്റെ ആദ്യ 2 – 3 ദിവസത്തേക്കുള്ള ടിക്കറ്റുകൾ ഒട്ടു മിക്കതും വിറ്റു തീർന്നു. നാനൂറോളം ഫാൻസ് ഷോകളും ചിത്രത്തിനായി ഒരുങ്ങിക്കഴിഞ്ഞു.