ഗോവയിൽ വച്ച് നടക്കാൻ പോകുന്ന രാജ്യാന്തരചലച്ചിത്രമേളയിൽ നടനവിസ്മയം മോഹൻലാലിന്റെ സാന്നിദ്ധ്യമുണ്ടാകും എന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ എന്ന സിനിമയിലൂടെ ഒടിയൻ മാണിക്യം എന്ന കഥാപാത്രത്തിൽ എത്തിയ മോഹൻലാൽ മലയാളികളെ വിസ്മയിപ്പിച്ചു.
അതിനൊരു ബാക്കിപത്രമായി നോവിൻ വാസുദേവ് സംവിധാനം നിർവഹിച്ച ‘ ഇരവിലും പകലിലും ഒടിയൻ’ എന്ന ഡോക്യുമെന്ററിയിലൂടെയാവും മോഹൻലാലിന്റെ സാന്നിധ്യം രാജ്യാന്തര ചലച്ചിത്ര മേളയിൽ ഉണ്ടാവുക. മൺമറഞ്ഞ ഒടിയൻ എന്ന സങ്കൽപത്തിലേക്ക് മോഹൻലാൽ നടത്തുന്ന യാത്ര രൂപത്തിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. നോൺ ഫീച്ചർ വിഭാഗത്തിൽ മലയാളത്തിൽ നിന്നുള്ള രണ്ട് ഡോക്യുമെന്ററികളിൽ ഒന്നാണ് “ഇരവിലും പകലിലും ഒടിയൻ ”. അടുത്ത മാസം നവംബറിൽ 20 മുതൽ 28 വരെ ഗോവയിൽ വച്ച് നടക്കുന്ന IFFI ൽ ആണ് ഈ ചിത്രം പ്രദർശിപ്പിക്കുക. ഒടിയൻ സങ്കൽപ്പത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവും മനശാസ്ത്രപരവുമായ പ്രസക്തിയിലേക്ക് ആഴത്തിലന്വേഷിക്കുന്ന ഒരു ഡോക്യുമെന്ററി ആണിത്.