ഇന്നേവരെ മറ്റൊരു മലയാളസിനിമക്കും ലഭിക്കാത്ത ഒരു വരവേൽപ്പാണ് ലാലേട്ടൻ ചിത്രം ഒടിയന് റിലീസിന് ഇനിയും ദിവസങ്ങൾ ശേഷിക്കേ ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി വി എ ശ്രീകുമാർ മേനോൻ ഒരുക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഡിസംബർ 14നാണ് ലോകമെമ്പാടും റിലീസിന് എത്തുന്നത്. ഇത്ര വൈഡ് റിലീസ് മലയാളത്തിൽ മറ്റൊരു ചിത്രത്തിനും ഇന്നേവരെ ലഭിച്ചിട്ടില്ല.
![](https://i0.wp.com/cinemadaddy.com/wp-content/uploads/2018/12/FB_IMG_1544459576834.jpg?resize=788%2C525&ssl=1)
ഇപ്പോഴിതാ മറ്റൊരു അസുലഭ നേട്ടം കൂടി സ്വന്തമാക്കുവാൻ ഒരുങ്ങുകയാണ് ഒടിയൻ. അതിവേഗം 100 കോടി ക്ലബ്ബിൽ കയറുന്ന മലയാള ചിത്രം എന്ന നേട്ടമാണ് ഒടിയൻ സ്വന്തമാക്കാൻ ഒരുങ്ങിയിരിക്കുന്നത്. സാറ്റലൈറ്റ് റൈറ്റ്സ്, ഡിജിറ്റൽ റൈറ്റ്സ്, തീയട്രിക്കൽ റൈറ്റ്സ്, ഓഡിയോ വീഡിയോ റൈറ്റ്സ്, റീമേക്ക് റൈറ്റ്സ്, ഡബ്ബിങ് റൈറ്റ്സ്, ഓവർസീസ് റൈറ്റ്സ് എന്നിങ്ങനെ എല്ലാ മേഖലയിൽ നിന്നും റെക്കോർഡ് തുകയാണ് ഒടിയൻ കരസ്ഥമാക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം വമ്പൻ ബുക്കിങ്ങാണ് ഓൺലൈനിൽ നടക്കുന്നത്. ഒട്ടു മിക്ക ഷോകളുടെയും ടിക്കറ്റുകൾ അതിവേഗത്തിലാണ് വിറ്റഴിയുന്നത്. ആദ്യത്തെ രണ്ടു മൂന്ന് ദിവസത്തേക്ക് ഉള്ള ഷോകൾ ഇതിനകം തന്നെ വിറ്റു തീർന്നു. 37 വിദേശരാജ്യങ്ങളിൽ അടക്കം പതിനായിരത്തോളം ഷോകളാണ് ദിനവും നടക്കാൻ പോകുന്നത്. 400ഓളം ഫാൻസ് ഷോകളുമായി പുതിയൊരു ചരിത്രം കൂടി ഒടിയൻ രചിച്ചിട്ടുണ്ട്. അഡ്വാൻസ് ബുക്കിങ്ങും മറ്റ് റൈറ്റ്സെല്ലാമായി ഇതിനകം തന്നെ ഒടിയന്റെ പ്രീ റിലീസ് ബിസിനസ്സ് 100 കോടി എത്തി നിൽക്കുന്നു . മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുന്ന ഒടിയൻ റെക്കോർഡുകൾ കീഴടക്കി ഇനിയും മുന്നേറാൻ ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും.