നാളെ തീയറ്ററുകളിൽ എത്തുന്ന പ്രണവ് മോഹൻലാൽ – അരുൺ ഗോപി ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ആശംസകളുമായി ഒടിയൻ തിരക്കഥാകൃത്ത് ഹരികൃഷ്ണൻ കോർണോത്ത്. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ചിത്രത്തിനുള്ള ആശംസകളും കാണാനുള്ള ആഗ്രഹവും വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ…
“അതീവ പ്രിയങ്കരനായ ചങ്ങാതിയാണ് അരുൺ ഗോപി. എന്റെ അനിയൻ.
സുതാര്യവും മനോഹരവുമായ സ്നേഹം കൊണ്ടുമാത്രമല്ല അരുൺ എന്റെ പ്രിയങ്കരനാവുന്നത്;
മലയാള സിനിമയിലെ യുവസംവിധായകരിൽ ഏറ്റവും പ്രതിഭാധനൻ എന്നതുകൊണ്ടുകൂടിയാണ്. രാമലീല എന്ന സിനിമയെ ക്രാഫ്റ്റിന്റെയും കാഴ്ചയുടെയും മികവുറ്റ അനുഭവമാക്കിയത് ഒരു പുതുമുഖസംവിധായകൻ ആണെന്നു പറയാനാവാത്തവിധമുള്ള മാജിക്ക് ആ സിനിമയ്ക്കുണ്ടായി. സിനിമ മാത്രം ശ്വസിക്കുന്ന ഒരാളുടെ, സിനിമയെടുക്കുന്നതിനെപ്പറ്റി മാത്രം സ്വപ്നം കാണുന്ന ഒരാളുടെ ആദ്യ കയ്യൊപ്പായിരുന്നു രാമലീല.
എന്തൊരു ഗംഭീര കയ്യൊപ്പ്!
നാളെ അരുണിന്റെ രണ്ടാം സിനിമ, പ്രിയപ്പെട്ട പ്രണവിന്റെയും രണ്ടാം സിനിമ, ‘ ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ റിലീസ് ചെയ്യുന്നു.
പ്രതീക്ഷയുടെ ഒരു ഭാരവുമില്ലാതെ, സ്നേഹത്തിന്റെ കണ്ണുകൾകൊണ്ട് ഞാൻ ആ സിനിമ കാണും. നല്ല സിനിമ ജയിക്കാനുള്ളതാണെന്ന് ഞാൻ ഉറപ്പായും വിശ്വസിക്കുന്നു.
പ്രിയപ്പെട്ട അരുൺ, അപ്പു–
രണ്ടാം സിനിമ മികവിന്റെ തിളക്കം കൊണ്ട്. കയ്യടക്കത്തിന്റെ മാജിക്ക് കൊണ്ട് ഒന്നാം സിനിമയെ ജയിക്കട്ടെ.
‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നുവേണ്ടി എല്ലാ നന്മയും.”