വനമാലയുടേയും രാധാസിന്റേയുമൊക്കെ നൊസ്റ്റാള്‍ജിക് പരസ്യവാചകങ്ങള്‍ ഒരുകാലത്ത് മലയാളികളുടെ ഇടയില്‍ തരംഗമായിരുന്നു. വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ വസ്ത്ര വര്‍ണ്ണങ്ങള്‍ക്ക് ശോഭകൂട്ടാന്‍, വെള്ള വസ്ത്രങ്ങളും വര്‍ണ്ണവസ്ത്രങ്ങളും വനമാല സോപ്പില്‍ തിളങ്ങുമല്ലോ. കാവ്യാമാധവനും സിദ്ധിഖുമായിരുന്നു വനമാല സോപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചത്. കടവില്‍ പാട്ട്പാടി തുണി അലക്കിക്കൊണ്ടിരിക്കുന്ന കാവ്യാമാധവനും സംഘവും. കൂട്ടത്തില്‍ ഈ പാട്ടും പാടുന്നുണ്ട്. വനമാല സോപ്പുമായി വണ്ടിയില്‍ അപ്പോള്‍ സിദ്ധിഖ് എത്തുന്നു. വനമാലയെ പരിചയപ്പെടുത്തുമ്പോള്‍ പ്രേക്ഷകര്‍ക്കും അതു കൗതുകമായിരുന്നു.
നൊസ്റ്റാള്‍ജിയ നിറയ്ക്കുന്ന മറ്റൊരു ഗാനമായിരുന്നു രാമച്ചവിശറി പനിനീരില്‍ മുക്കി ആരോമല്‍ വീശും തണുപ്പാണോ കസ്തൂരിമഞ്ഞള്‍ പുരട്ടും പുലര്‍കാല കന്യകേ നിന്റെ തുടുപ്പാണോ രാധേ. എസ് രമേശന് നായരും ദര്ശന് രാമനും ചേര്‍ന്ന് തയ്യാറാക്കിയ രാധാസ് സോപ്പിന്റെ പരസ്യഗാനമായിരുന്നു ഇത്. ഒരു തലമുറ ഈ ഗാനം ഓര്‍മ്മിക്കുകയും മൂളിപ്പാട്ടായി പാടുകയും ചെയ്യുന്നുണ്ട് ഇപ്പോഴും. എന്നാല്‍ ടെലിവിഷന്‍ തരംഗത്തിന് മുന്‍പ് പത്രമാധ്യമങ്ങളിലും വാരികകളിലും ഇത്തരം പരസ്യങ്ങള്‍ നിറഞ്ഞ് നിന്നിരുന്നു. അന്നത്തെ സിനിമകളിലെ പ്രിയതാരങ്ങള്‍ തന്നെയായിരുന്നു അതില്‍ മോഡലുകളായി എത്തിയത്.
രാധാസിന്റെ തന്നെ മറ്റൊരു പരസ്യഗാനമായിരുന്നു ‘രാമച്ചത്തിന്റെ കുളിരും കസ്തൂരി മഞ്ഞളിന്റെ കാന്തിയും ഒത്തിണങ്ങിയ പ്രകൃതിയുടെ സുഗന്ധം’. എന്ന പരസ്യവാചകം കേള്‍ക്കുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍ രാധാസ് ആയുര്‍വേദിക്ക് സോപ്പ് ഓടിയെത്തും. ഇത്രയേറെ മലയാളികളെ സ്വാധീനച്ച ഒരു പരസ്യവാചകമില്ലെന്നു തന്നെ പറയാം. കസ്തൂരി ചിത്രക്കഥ എന്ന മാസികയുടെ എണ്‍പത്തിയെട്ട് ഒക്ടോബര്‍ മാസത്തിലെ ഒരു പുറത്തില്‍ രാധാസ് സോപ്പിന്റെ പരസ്യമുണ്ട്. ആ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. നടി സിത്താരയും രോഹിണിയുമാണ് അതില്‍ വരുന്നത്. രണ്ട് പേരും രാധാസ് സോപ്പ് കൈയില്‍ പിടിച്ചുകൊണ്ട് ക്യാമറയില്‍ നോക്കി ചിരിച്ചുകൊണ്ട് നില്ക്കുന്ന ഫോട്ടോയായിരുന്നു അത്.
രാധാസിനു വേണ്ടി നടി പാര്‍വ്വതി ചെയ്ത പരസ്യവും ഹിറ്റായിരുന്നു. രാധാസ് സോപ്പ് കൈയില്‍ പിടിച്ച് തന്റെ മുഖത്തോട് ചേര്‍ത്ത് വെച്ച് നില്ക്കുന്ന നടിയുടെ ചിത്രം മലയാളികള്‍ മറക്കുന്നതെങ്ങനെ. കാവ്യമാധവനും നവ്യാനായരും അവരുടെ കരിയറിന്റെ തുടക്കത്തില്‍ പ്രത്യക്ഷപ്പെട്ട താര ജാസ്മിന് ടാല്‍കം പൗഡറിന്റെ പരസ്യവും ഇത്തരത്തിലുള്ളതാണ്. നവ്യാനായരും കാവ്യാമാധവനും ചേര്‍ന്ന് ടാല്‍കം പൗഡറിന്റെ ബോട്ടില്‍ കൈയില്‍ പിടിച്ച് നില്ക്കുന്ന ചിത്രമാണ് പരസ്യത്തിനോടൊപ്പം പ്രസിദ്ധീകരിച്ചത്. മാതൃഭൂമി പത്രത്തിനോടൊപ്പം അന്ന് ടാല്‍കം പൗഡറിന്റെ ചെറിയൊരു പാക്കറ്റും വായനക്കാര്‍ക്ക് സൗജന്യമായിരുന്നു.