മലയാളി ടെലിവിഷൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബോസ് സീസൺ അഞ്ച് ആഴ്ചകൾ പിന്നിട്ട് മുന്നേറുകയാണ്. ഇത്തവണത്തെ ബിഗ് ബോസ് ഹൗസിലേക്ക് രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രി ആയാണ് സംവിധായകൻ ഒമർ ലുലു എത്തിയത്. മോഹൻലാൽ ആണ് ഒമർ ലുലുവിനെ ബിഗ് ബോസ് ഹൗസിലേക്ക് സ്വാഗതം ചെയ്തത്. ബിഗ് ബോസ് ഹൗസിൽ എത്തുന്ന മത്സരാർത്ഥികൾക്ക് മോഹൻലാലിനെ കാണുമ്പോൾ ഒരു എക്സൈറ്റ്മെന്റ് തോന്നാറുണ്ട്. എന്നാൽ തനിക്ക് അത്തരത്തിലുള്ള യാതൊരുവിധ എക്സൈറ്റ് മെന്റും തോന്നിയിട്ടില്ലെന്ന് തുറന്നു പറയുകയാണ് ഒമർ ലുലു.
ബിഗ് ബോസ് കഴിഞ്ഞ സീസണിൽ മത്സരിക്കണമെന്ന് താൻ ഒരുപാട് ആഗ്രഹിച്ചിരുന്നെന്നും എന്നാൽ അതിനുള്ള ഭാഗ്യം ഇപ്രാവശ്യമാണ് ഉണ്ടായതെന്നും ഒമർ ലുലു പറഞ്ഞു. മോഹൻലാലിനെ പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ ഒമർ അതിനപ്പുറം എക്സൈറ്റ് മെന്റോ കാര്യങ്ങളോ ഒന്നുമില്ലെന്നും പറഞ്ഞു. പണമോ അംഗീകാരമോ കിട്ടുമ്പോഴാണ് തനിക്ക് എക്സൈറ്റ് മെന്റ് ഉണ്ടാകുകയുള്ളൂവെന്നും മോഹൻലാൽ കുറച്ച് പൈസ ഒക്കെ തന്നിരുന്നെങ്കിൽ താൻ ഹാപ്പി ആയേനെയെന്നും ഒമർ ലുലു പറഞ്ഞു.
അതേസമയം, മലയാളികൾ ബിഗ് ബോസ് കാണുകയും അതിനെ കുറ്റം പറയുകയും ചെയ്യുന്നവരാണെന്നും ഒമർ കുറ്റപ്പെടുത്തി. ഇഷ്ടമല്ലെന്ന് പറയുകയും ചെയ്യും അത് കാണുകയും ചെയ്യും. മറ്റൊരാൾ എന്താണെന്ന് അറിയാനുള്ള മലയാളിയുടെ ക്യൂരിയോസിറ്റി ആണ് ബിഗ് ബോസ് എല്ലാവരും കാണുന്നതിന് പിന്നിലെന്നും ഒമർ പറഞ്ഞു.