മലയാളത്തിന്റെ മാസ്സ് ഡയറക്ടർ ഷാജികൈലാസ് പുതിയ ചിത്രത്തിലൂടെ തിരിച്ചു വരികയാണ്. കമ്മീഷണറും കിംഗും ആറാം തമ്പുരാനും നരസിംഹവുമെല്ലാം നമ്മുക്ക് സമ്മാനിച്ച ഈ സംവിധായകൻ ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നത് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ നായകനായ കടുവ എന്ന മാസ്സ് ചിത്രത്തിലൂടെ ആണ്. നരസിംഹം എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ഡയലോഗ് പോലെ ആറു വർഷത്തിന് ശേഷം ഷാജി കൈലാസ് മടങ്ങി വരുന്നത് ചില കളികൾ കാണാനും ചിലതു പഠിപ്പിക്കാനുമാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രചയിതാവായ ജിനു എബ്രഹാം പറയുന്നത് ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ തെന്നിന്ത്യയിലെ മറ്റൊരു വലിയ താരം കൂടി ഉണ്ടാകും എന്നാണ്.
വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രം തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ ആണ് കഥ പറയുന്നത് എന്നും ഷാജി കൈലാസിനെ പോലെ ഒരു വലിയ സംവിധായകന് മാത്രമേ ഈ ചിത്രം ചെയ്യാൻ സാധിക്കു എന്നും ജിനു പറയുന്നു. തിരക്കഥ ഏറെ ഇഷ്ടപ്പെട്ട ഷാജികൈലാസ് ആറുവർഷം കാത്തിരുന്നത് ഇത്തരത്തിലുള്ള ഒരു തിരക്കഥയ്ക്ക് വേണ്ടി ആയിരുന്നു എന്നും ജിനു പറയുന്നു. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ നിർമിക്കുന്നത് പൃഥ്വിരാജ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരാണ്.