മമ്മൂട്ടി നായകനായി എത്തിയ പൊളിറ്റിക്കൽ ത്രില്ലർ ‘വൺ’ എന്ന ചിത്രത്തിന്റെ സംവിധായകൻ സന്തോഷ് വിശ്വനാഥ് വീണ്ടും മമ്മൂട്ടിക്കൊപ്പം. മമ്മൂട്ടിയുടെ അടുത്ത് രണ്ട് കഥകൾ പറഞ്ഞിട്ടുണ്ടെന്നും അതിൽ മമ്മൂട്ടിക്ക് ഇഷ്ടപ്പെടുന്ന കഥ അടുത്ത സിനിമയായി ചെയ്യുമെന്നും സന്തോഷ് വ്യക്തമാക്കി. ഓൺലൈൻ മാധ്യമമായ ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സന്തോഷ്. ‘വൺ’ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്. തിയറ്റർ റിലീസ് ആയിരുന്ന ചിത്രം തൊട്ടുപിന്നാലെ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലും എത്തി.
മമ്മൂട്ടിയുടെ അടുത്ത സിനിമയുടെ നിർമാതാക്കൾ കേരളത്തിന് പുറത്തുള്ള മുൻനിര ബാനറാണെന്നും സന്തോഷ് വ്യക്തമാക്കി. വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമായിക്കും അടുത്തത്. മമ്മൂട്ടിയുടെ അടുത്ത് പറഞ്ഞിട്ടുള്ള രണ്ട് സബ്ജക്ടുകളിൽ ഏറ്റവും ആദ്യം വർക്ക് ഔട്ട് ആകുന്ന സബ്ജക്ട് ആയിരിക്കും സിനിമയാക്കുന്നത്. ഏത് ജോണർ ആണെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. 2022ൽ ആയിരിക്കും സിനിമ ചിത്രീകരണം തുടങ്ങുന്നത്. ഒരു ഫീൽ ഗുഡ് മമ്മൂക്കയെ ആയിരിക്കും കാണാൻ കഴിയുകയെന്നും സന്തോഷ് വിശ്വനാഥ് ദ ക്യുവിനോട് പറഞ്ഞു.
മമ്മൂട്ടിയുടെ അടുത്ത് പറഞ്ഞ രണ്ട സിനിമകളുടെയും തിരക്കഥകൾ അവസാനഘട്ട എഴുത്തിലാണ്. ആദ്യ മലയാള ചിത്രം മമ്മൂട്ടിയെ വച്ച് ലോഞ്ച് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു വലിയ പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ചിറകൊടിഞ്ഞ കിനാവുകൾ’ ആയിരുന്നു സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ആദ്യ സിനിമ. അതിനു ശേഷമാണ് ‘വൺ’ സിനിമ സംവിധാനം ചെയ്തത്.