തിയേറ്ററില്‍ റിലീസ് ചെയ്ത് അധികം വൈകാതെ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലെത്തിയ ‘ലൂസിഫര്‍’, ‘ഇഷ്ക്’ തുടങ്ങിയവയിലൂടെയാണ് മലയാള സിനിമാപ്രേമികള്‍ ഒ.ടി.ടി.യെ പരിചയപ്പെട്ടു തുടങ്ങിയത്. കഴിഞ്ഞ ലോക്ഡൗണ്‍കാലത്ത് ‘സൂഫിയും സുജാത’യും ഒ.ടി.ടി.യില്‍ റിലീസ് ചെയ്യപ്പെട്ടപ്പോള്‍ ഈ പ്ലാറ്റ്ഫോം പതിയെ ജനകീയമാകാന്‍ തുടങ്ങി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ചിത്രീകരിച്ച്, മൊബൈല്‍ ഫോണുകളിലും വിരുന്നുമുറികളിലുമായി നിറഞ്ഞോടിയ ‘സീ യൂ സൂണ്‍’ പ്രേക്ഷകരോട് പറഞ്ഞത് ഉടന്‍ ഒ.ടി.ടി. വിപ്ലവം കാണാനാകും എന്നാണ്.
തീയേറ്ററുകളില്‍ റിലീസ് ചെയ്ത് ഒരു മാസത്തിനകം തന്നെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ സിനിമകള്‍ എത്തുന്നതാണ് പുതിയ രീതി. വിജയുടെ മാസ്റ്ററും മമ്മൂട്ടിയുടെ വണ്‍, ദി പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങളും പിന്തുടര്ന്നത് ഇതേ രീതിയാണ്. ഇപ്പോളിതാ മോഹന്‍ലാലിന്റെ അടുത്തിടെ പ്രഖ്യാപിച്ച ചിത്രങ്ങളായ ട്വെല്‍ത് മാന്‍, ബ്രോ ഡാഡി എന്നീ സിനിമകള്‍ക്ക് ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ വില ഇട്ടു എന്നാണ് വാര്‍ത്തകള്‍. ട്വല്ത്മാന് ചിത്രീകരണം പോലും ആരംഭിച്ചിട്ടില്ല. ബ്രോ ഡാഡിയുടെ ചിത്രീകരണം പാതിവഴിയിലും. എന്നിട്ടും വന്‍ താരനിര ഉള്ളതിനാലാണ് രണ്ട് ചിത്രങ്ങള്‍ക്കും വന്‍ തുക മുടക്കുവാന്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകള് തയ്യാറായിരിക്കുന്നത്. ട്വല്‍ത് മാനിന് 35 കോടിയും ബ്രോ ഡാഡിക്ക് 28 കോടിയും വിലയിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ദൃശ്യം രണ്ടിന് 30 കോടിയില്‍ അധികം രൂപ നല്‍കിയാണ് ആമസോണ്‍ സ്വന്തമാക്കിയത്. ഒരു കോടി മുതല്‍ മുടക്കി നിര്‍മ്മിച്ച ഫഹദ് ഫാസില്‍ ചിത്രം സിയൂ സൂണിന് എട്ടു കോടിയോളം രൂപയാണ് ആമസോണ്‍ പ്രൈം നല്‍കിയത്. ഒ.ടി.ടി റിലീസ് ലക്ഷ്യംവെച്ച് നിര്‍മിച്ച ജോജിയും മികച്ച വിജയം നേടി. 15 കോടിയിലധികം രൂപയ്ക്കാണ് ചിത്രം വിറ്റത്.
കൂടുതല്‍ സിനിമകള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ മാത്രം റിലീസ് ചെയ്യാനായി അണിയറയിലൊരുങ്ങുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.