സുരേഷ് ഗോപിയെ നായകനാക്കി ടോമിച്ചന് മുളകുപാടത്തിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ഒറ്റക്കൊമ്പന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. നവാഗതനായ മാത്യൂസ് തോമസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
ടോമിച്ചനും മാത്യൂസും കൂടി ഇന്നലെ സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി കാര്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു. അബുദാബിയിലായിരുന്ന ടോമിച്ചന് മുളകുപാടം കഴിഞ്ഞ മാസമാണ് കേരളത്തിലെത്തിയത്. പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. 25 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
സുരേഷ് ഗോപിയെ കൂടാതെ മുകേഷ്, വിജയരാഘവന്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരും ചിത്രത്തിലുണ്ടാവും. നായികയും വില്ലനും ബോളിവുഡില്‍ നിന്നായിയിരിക്കും. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. 250-ാമത് സുരേഷ് ഗോപി ചിത്രമെന്ന രീതിയില്‍ നേരത്തെ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി വലിയ ഹിറ്റായിരുന്നു.
‘ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു’ എന്നാണ് ചിത്രത്തോടൊപ്പം സുരേഷ് ഗോപി കുറിച്ചത്.
നിരവധി വിവാദങ്ങള്‍ക്ക് ശേഷമാണ് ചിത്രം ചിത്രീകരണത്തിന് ഒരുങ്ങുന്നത്. ചിത്രത്തിലെ ഒരു സുപ്രധാന രംഗം കഴിഞ്ഞ വര്‍ഷം തന്നെ ഷൂട്ട് ചെയ്തിരുന്നു. പാലാ ജൂബിലി പെരുന്നാളിന്റെ ദൃശ്യങ്ങളാണ് അന്ന് ചിത്രീകരിച്ചത്. രചന- ഷിബിന്‍ ഫ്രാന്‍സിസ്, ഛായാഗ്രഹണം- ഷാജി കുമാര്‍, സംഗീതം- ഹര്ഷവര്ധന് രാമേശ്വര്‍.