1984ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി മുതൽ മുപ്പതോളം ചിത്രങ്ങൾ ഒരുമിച്ചു ചെയ്തവരാണ് മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ട്. കാലാപാനി, കിലുക്കം, ചിത്രം, തേന്മാവിൻ കൊമ്പത്ത്, താളവട്ടം, വന്ദനം, ഒപ്പം എന്നിങ്ങനെ നിരവധി മനോഹരചിത്രങ്ങളാണ് ഈ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം പ്രദർശനത്തിനൊരുങ്ങുകയാണ്. നൂറ് കോടിയോളം രൂപയുടെ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം മാർച്ച് 26നാണ് തീയറ്ററുകളിൽ എത്തുന്നത്.
മരക്കാർ ഇരുവരും ഒന്നിച്ചുള്ള അവസാന ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ ലാലേട്ടൻ പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയം. ഞങ്ങളുടെ ഏറ്റവും മികച്ച ചിത്രം വരുവാനിരിക്കുന്നതേയുള്ളൂവെന്നാണ് ലാലേട്ടൻ പറഞ്ഞത്. മരക്കാർ ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അവസാന ചിത്രമായിരിക്കില്ല എന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് പ്രിയദർശനും. മരക്കാർ വിജയമായാൽ അത് വീണ്ടും ഒന്നിച്ചു പ്രവർത്തിക്കാനുള്ള ഒരു ഊർജം നൽകുമെന്നും ഇതിലും വലിയ സിനിമകളുമായി വീണ്ടും വരുമെന്നും പ്രിയദർശൻ പറഞ്ഞു.