മഞ്ജു വാര്യർ തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ധനുഷ് – വെട്രിമാരൻ ചിത്രം അസുരൻ നാളെ തീയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിലെ മഞ്ജു വാര്യരുടെ പുതിയ സ്റ്റിൽ കണ്ട ആരാധകർ ചോദിക്കുന്നത് ഇത് ഭാനുവല്ലേ എന്നാണ്. മഞ്ജു വാര്യരുടെ കരിയറിലെ ഏറ്റവും ബോൾഡായിട്ടുള്ള കഥാപാത്രങ്ങളിൽ ഒന്നാമത് നിൽക്കുന്നതാണ് കന്മദത്തിലെ ഭാനു. എന്നാൽ അസുരനിലെ പച്ചൈയമ്മ ഭാനുവിൽ നിന്നും വ്യത്യസ്തയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു വാര്യർ.
ഈ ചിത്രത്തിലെ എന്റെ ലുക്കിന് ഭാനുമതിയുമായി സാമ്യമുണ്ട് എന്ന് പറയാത്തതായി ആരും തന്നെ ഇല്ല എന്ന് വേണമെങ്കില്‍ പറയാം. അത്രയധികം പേര് എന്നോട് പറഞ്ഞിരുന്നു, ‘കന്മദം’ ഓര്‍മ്മ വരുന്നു എന്ന്. ആ വേഷവും, ജോഗ്രഫിയും, സ്കിന്‍ ടോണും ഒക്കെ ആയിരിക്കണം ഭാനുവിനെ ഓര്‍മ്മപ്പെടുത്തിയത്. പക്ഷേ ഭാനുമതിയെപ്പോലെയാണ് പച്ചൈയമ്മ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഭാനുവിന് ഒരു ഫയര്‍ ഉണ്ടായിരുന്നു, പക്ഷേ പച്ചൈയമ്മയ്ക്ക് വേറെ തന്നെ ഒരു ഫയര്‍ ആണുള്ളത്.
ഇതൊരു ഫാമിലി ഡ്രാമയാണ്. എല്ലാ കുടുംബങ്ങളിലും ഉള്ള പോലെ കുടുംബത്തിന്റെ നെടുംതൂണായ സ്ത്രീ. അത്തരത്തിൽ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഞാൻ അവതരിപ്പിക്കുന്ന പച്ചയമ്മ. ഈ കുടുംബത്തിലെ എല്ലാ കഥാപാത്രങ്ങളും കഥയിൽ ഒരുപോലെ പ്രധാനമാണ്. പൂമണി എന്ന എഴുത്തുകാരന്റെ ‘വെക്കൈ’ എന്ന നോവലിന്റെ അവലംബമാണ് ഈ ചിത്രം.