മമ്മൂട്ടി നായകനാകുന്ന ബിഗ്ബഡ്ജറ്റ് ചിത്രം മാമാങ്കത്തിന്റെ ടീസറും പോസ്റ്ററുകളും വരെ ആരാധകരിൽ ഏറെ ആവേശമാണ് ഉണർത്തിയത്. ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ഒരു ഇതിഹാസ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാമാങ്കം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായിട്ടാണ് പുറത്തുവരുന്നത്. മമ്മൂട്ടിയോടൊപ്പം ഉണ്ണിമുകുന്ദനും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മാമാങ്കത്തെകുറിച്ച് ചിത്രത്തിന്റെ സംവിധായകൻ എം പത്മകുമാർ അടുത്തിടെ ഒരു അഭിമുഖത്തിൽ മനസ്സുതുറന്നു.
മാമാങ്ക യുദ്ധങ്ങളുടെ ചിത്രീകരണങ്ങൾ 40 രാത്രികൾ കൊണ്ടാണ് പൂർത്തിയാക്കിയതെന്നും യുദ്ധ രംഗങ്ങളുടെ തീവ്രത കാണികളിൽ എത്തിക്കുവാൻ വേണ്ടി രാത്രികളിൽ മാത്രമാണ് ഷൂട്ടുകൾ നടത്തിയതെന്നും അദ്ദേഹം പറയുന്നു. 3000 പടയാളികൾ അഭിനയിച്ച ആ സീനുകൾ വി എഫ് എക്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് 30,000 ആയി മാറും. 50 കോടിയിലേറെ രൂപ റിലീസിന് മുൻപ് ചിലവാകും എന്നാണ് അദ്ദേഹം കരുതുന്നത്. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. ശങ്കർ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.